ശ്രീകാര്യം: അകാലത്തിൽ മൺമറഞ്ഞ ലാൽകൃഷ്ണയുടെ സ്മരണാർത്ഥം രൂപീകരിച്ച ലാൽകൃഷ്ണ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികത്തോടനുബന്ധിച്ച് ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ സാധു വിവാഹം സംഘടിപ്പിച്ചു. ശ്രീചിത്രാഹോമിന്റെ സംരക്ഷണയിൽ കഴിയുന്ന ചൈതന്യയുടെയും പ്രാവച്ചമ്പലം സ്വദേശി വിഷ്ണുവിന്റെയും വിവാഹമാണ് ട്രസ്റ്റ് നടത്തിയത്. ഇന്നലെ രാവിലെ 10.30 ന് പൗഡിക്കോണത്തെ ലാൽകൃഷ്ണ ട്രസ്റ്റ് അങ്കണത്തിൽ നടന്ന വാർഷിക സമ്മേളനവും സാധുവിവാഹ ചടങ്ങും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വരന്റെ ബന്ധുക്കളെക്കൂടാതെ ശ്രീചിത്രാഹോമിൽ നിന്നുള്ള 75 പേരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. കതിർമണ്ഡപത്തിലേക്ക് ലാൽകൃഷ്ണയുടെ പിതാവ് രഘുവും മാതാവ് ചിത്രലേഖയും ചേർന്നാണ് വധുവിനെ കൈപിടിച്ച് ആനയിച്ചത്. മന്ത്രി കൈമാറിയ താലി വരൻ വധുവിനെ അണിയിച്ചു. കൗൺസിലർമാരായ സി. സുദർശനൻ, നാരായണമംഗലം രാജേന്ദ്രൻ, എ. പ്രദീപ്കുമാർ എന്നിവർ വധുവരന്മാർക്ക് ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കാര്യവട്ടം ശ്രീകണ്ഠൻനായർ, പ്രൊഫ. പോൾ, അഡ്വ. സി.എ. നന്ദകുമാർ, ഡോ. ഹരികുമാർ, എസ്. മോഹനൻനായർ, എസ്.കെ. അജികുമാർ തുടങ്ങിയവർ സംസാരിച്ചു.