അനുസിതാര വീണ്ടും ജയസൂര്യയുടെ നായികയാകുന്നു. തൃശൂർ പൂരത്തിലാണ് ഇൗ ജോടികൾ വീണ്ടും ഒന്നിക്കുന്ന ത്. ഫുട്ബാൾ താരം സത്യന്റെ ജീവിതകഥ പറഞ്ഞ ക്യാപ്ടനിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്.നേരത്തെ സ്വാതി റെഡ്ഡിയെയാണ് തൃശൂർ പൂരത്തിൽ നായികയായി നിശ്ചയിച്ചിരുന്നത്.എന്നാൽ ഡേറ്റ് ക്ളാഷ് മൂലം സ്വാതിക്ക് എത്താൻ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് അനുസിതാരയെ കാസ്റ്റ് ചെയ്യുകയായിരുന്നു.അടുത്ത ദിവസം അനുസിതാര സെറ്റിൽ ജോയിൻ ചെയ്യും.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന തൃശൂർ പൂരത്തിന്റെ ചിത്രീകരണം ഇപ്പോൾ കളമശേരിയിൽ പുരോഗമിക്കുന്നു.ജയസൂര്യ പങ്കെടുക്കുന്ന ആ ക് ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.ഇനി 40 ദിവസം കൂടി ചിത്രീകരണം ഉണ്ടാകും. രണ്ട് ദിവസത്തിന് ശേഷം തൃശൂരിലേക്ക് ഷിഫ്ട് ചെയ്യും.തൃശൂർ പൂരത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംഗീത സംവിധായകൻ രതീഷ് വേഗയുടേതാണ്. തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന സിനിമയായിരിക്കുമിതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഫോർ ദ പീപ്പിളിലൂടെ മലയാളത്തിലെത്തിയ തമിഴകത്തെ ആർ.ഡി രാജശേഖറാണ് കാമറ.