ഗീതം
സംഗീതത്തിലെ സാഹിത്യത്തോടുകൂടിയ ഗാനരൂപമാണ് ഗീതം. സാധാരണ ഗീതം എന്ന പദത്തിന് പാട്ട് എന്നാണർത്ഥം. എന്നാൽ സംഗീതത്തിൽ ഒരു പ്രത്യേക സംഗീതരൂപം എന്ന് അർത്ഥം.
രണ്ടുവിധം
ഗീതം രണ്ടു വിധമുണ്ട്. ലക്ഷ്യഗീതം അഥവാ സഞ്ചാരിഗീതം. മറ്റൊന്നു ലക്ഷണ ഗീതം. ഗീതമെന്നാൽ പാട്ടെന്നു പൊതുവേ പറയാറുണ്ടെങ്കിലും പ്രത്യേക സംഗീത രൂപമാണ്. 18-ാം നൂറ്റാണ്ടിനുമുമ്പ ്ജീവിച്ചിരുന്ന വാഗ്ഗേയകാരന്മാർ ഗീതങ്ങൾ രചിക്കുന്നതിൽ വിദഗ്ദ്ധരായിരുന്നു. സംഗീതത്തിന്റെ ജീവനാഡിയാണ് ഗീതം. 'ഗീതപ്രസാദോരാഗ" എന്നാണ് പറയപ്പെടുന്നത്. പുരന്ദരദാസർ, രാമാമാത്യാർ, ഗോവിന്ദദീക്ഷിതർ, വെങ്കടമഖി എന്നിവർ ഗീതങ്ങൾ രചിച്ചിട്ടുണ്ട്.
രാഗത്തിന്റെ രഞ്ജകപ്രയോഗങ്ങൾ ചേർന്നതായിരിക്കും ഗീതത്തിന്റെ സ്വരൂപം. ആരംഭം മുതൽ അവസാനം വരെ ഒരേപോലെ പല്ലവി, അനുപല്ലവി, ചരണം എന്ന വ്യത്യാസമില്ലാത്ത കൃതിയാണിത്. ഈശ്വരനെ സ്തുതിച്ചുകൊണ്ടുള്ളതാണ്ഗീതത്തിന്റെ സാഹിത്യം.
ഗീതകം
ഇംഗ്ളീഷിലെ സോണറ്റിന് (Sonnet) പകരം മലയാളത്തിൽ ഉപയോഗിക്കുന്ന പദമാണ് ഗീതകം. ഒരൊറ്റ ആശയമേ ഉണ്ടാകാവൂ. ശാന്തമായി ആരംഭിച്ച് ക്രമമായി ഉയർന്ന് ഉച്ചാവസ്ഥയിലെത്തി ശാന്തമായി പര്യവസാനിക്കുന്നു എന്നതാണ് ഗീതകത്തിന്റെ സവിശേഷത. ആശയത്തിന്റെ കേന്ദ്രീകരണം, പദങ്ങളുടെ പരസ്പര ബന്ധം എന്നിവ പ്രധാനമായ ഈ ഭാവാത്മക കവിത പതിനാലു വരിയിൽ അവസാനിക്കണം.
ഗീതകങ്ങൾ മലയാളത്തിൽ
ഇംഗ്ളീഷ് സാഹിത്യവുമായുള്ള ബന്ധത്തിലൂടെയാണ് മലയാളത്തിൽ ഗീതകങ്ങളുണ്ടാകുന്നത്.
ജി. ശങ്കരക്കുറുപ്പ്, വെണ്ണിക്കുളം പി. ശങ്കരൻനമ്പ്യാർ എന്നിവരാണ് ആദ്യകാല ഗീതക രചയിതാക്കൾ.ചങ്ങമ്പുഴ, ഇടപ്പള്ളി, വൈലോപ്പിള്ളി, എം.പി. അപ്പൻ എന്നിവർ ഈ കാവ്യരൂപത്തെ സമർത്ഥമായി പ്രചരിപ്പിച്ചു.
ഗീതഗോവിന്ദം പ്രേമകാവ്യം
ജയദേവ കവിയുടെ പ്രസിദ്ധമായ സംസ്കൃതി ഗീതികാവ്യമാണ് ഗീതഗോവിന്ദം. 12-ാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടതെന്ന് കരുതുന്നു.
രാധയുടെയും കൃഷ്ണന്റെയും പ്രണയമാണ്ഗീതഗോവിന്ദത്തിലെ ഉള്ളടക്കം. ഭക്തിഭാവവും ശൃംഗാരവും ഇതിൽ നിറഞ്ഞുനിൽക്കുന്നു. രാധയും കൃഷ്ണനും യമുനാതീരത്തെ വള്ളിക്കുടിലുകളിൽ ഉല്ലസിക്കുന്നിടത്താണ് കാവ്യാരംഭം.
കൃഷ്ണനാട്ടവും
ഗീതഗോവിന്ദവും
മലയാള സാഹിത്യത്തിൽ ഗീതഗോവിന്ദത്തിന്റെ വലിയ സ്വാധിനമുണ്ട്. കൃഷ്ണനാട്ടത്തിന പ്രചോദകമായത് ഈ കൃതിയാണെന്നു കരുതപ്പെടുന്നു.
കേരളത്തിൽ മാത്രം പ്രചാരമുള്ള സോപാനത്തിലെ കൊട്ടിപ്പാടി സേവയ്ക്കു പാടുന്നത്അഷ്ടപദിയിലെ പാട്ടുകളാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നിത്യവും അഷ്ടപദി പാടുന്നു. കേരളത്തിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള പരിപാടികളിൽ അഷ്ടപദിക്കച്ചേരിക്ക് പ്രത്യേക സ്ഥാനമുണ്ട്.
അഷ്ടപദിഗായകർ
മങ്കൊമ്പ് വിശ്വനാഥക്കുറുപ്പ്, ഞെരളത്ത് രാമപ്പൊതുവാൾ എന്നിവർ പ്രശസ്തരായ അഷ്ടപദി ഗായകരാണ്.
മഞ്ജുതരയും അഷ്ടപദിയും
മഞ്ജുതരകുഞ്ജതല കേളി സദനേ
ഇഹവിലസ രതിരദസ ഹസിതവദനേ
പ്രവിശ രാധേ മാധവസമീപം
എന്നു തുടങ്ങുന്ന21-ാമത്തെ അഷ്ടപദിയാണ് മേളപ്പദത്തിന് പാടുന്നത്. അതുകൊണ്ടാണ് മഞ്ജുതര എന്ന പേരുണ്ടായതും.
ഗീത ഗോവിന്ദ പരിഭാഷകൾ
ഗീത ഗോവിന്ദത്തിന്റെ അതേ രൂപഘടന സ്വീകരിച്ചുകൊണ്ട് രാമപുരത്തു വാര്യർ രചിച്ച തർജ്ജമ പ്രസിദ്ധമാണ്. കെ.സി. കേശവപിള്ളയും തർജ്ജമ ചെയ്തിട്ടുണ്ട്. ഇടപ്പള്ളി സ്വദേശിയായ പൊന്നാടി പുഷ്പകത്തു നമ്പ്യാരുടെ വിവർത്തനം കൈകൊട്ടിക്കളിപ്പാട്ടായാണ്. ജയദേവന്റെ ആത്മാവു കണ്ടെത്തിയ ചങ്ങമ്പുഴയുടെ ദേവഗീത മലയാളത്തിലെ മനോഹരമായ പരിഭാഷയാണ്. ഈ തർജ്ജമയ്ക്ക് സഹായകമായത് കെ.കെ. ഗോവിന്ദൻനായരുടെ ലക്ഷ്മീധര എന്ന വ്യാഖ്യാനമാണ്.
ജയദേവ കവിയുടെ ദേശം
ബംഗാളിലെ ബിർഭും ജില്ലയിലുള്ള കേന്ദൂലിഎന്ന സ്ഥലത്താണ് ജയദേവ കവി ജനിച്ചത്. അവിടെയുള്ള വൈഷ്ണവ ക്ഷേത്രത്തിൽ ഇന്നും ജയദേവ കവിയുടെ ജന്മദിനം ആചരിക്കുന്നു. ഗുജറാത്തിലെ ഒരു വൈഷ്ണവ ക്ഷേത്രത്തിൽ ഇതിലെ ചില ഗാനങ്ങൾ കൊത്തിവച്ചിട്ടുണ്ട്. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലും ഗീതഗോവിന്ദം ആലപിക്കുന്നു.
ഗീതഗോവിന്ദത്തിന്റെ ഘടന
അനുകരണത്തിനു വഴങ്ങാത്ത ശ്രുതിമധുരങ്ങളായപദാവലിയാണ് ഗീതഗോവിന്ദത്തിൽ. 12 സർഗ്ഗങ്ങളുണ്ട്. മൊത്തം 24 ഗീതങ്ങൾ. ഓരോ ഗീതത്തിനും എട്ടു പാദങ്ങൾ. അഷ്ടപദിയെന്നു ഗീതഗോവിന്ദത്തിനു പേരു വരാനുള്ള കാരണവും അതാണ്.
കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയകലഹം, സഖിയുടെ മദ്ധ്യസ്ഥത, പുനഃസമാഗമം എന്നിവയാണ് ഗീതഗോവിന്ദത്തിലെ പ്രതിപാദ്യം.
വൃന്ദാവനവും രാധയും
കൃഷ്ണൻ വൃന്ദാവനത്തിൽ ഗോപസ്ത്രീകളുമായിഉല്ലസിച്ചു കഴിയുന്നതാണ് ഗീതഗോവിന്ദ പശ്ചാത്തലം. ഒരാൾ പഞ്ചമരാഗം പാടുന്നു. മറ്റൊരാൾ കണ്ണനെ ആലിംഗനം ചെയ്യുന്നു. ഇതെല്ലാം രാധയോട് സഖി രഹസ്യമായി പറഞ്ഞുകേൾപ്പിക്കുന്നു. അതുകേട്ട് രാധ പിണങ്ങിപ്പോയി. എങ്കിലും കൃഷ്ണനെക്കുറിച്ചുള്ള വിചാരം തന്നെ. കൃഷ്ണന്റെ നിർദ്ദേശപ്രകാരം സഖി ചെന്നു പറഞ്ഞിട്ടും രാധ പോകുന്നില്ല.
ടാഗോറിന്റെ ഗീതകങ്ങൾ
പത്തൊമ്പതാം നൂറ്റാണ്ടിലാണ്ഇന്ത്യയിൽ ഗീതകങ്ങളുണ്ടാകുന്നത്. ബംഗാളിലാണ് ഗീതകപ്രസ്ഥാനം തഴച്ചുവളർന്നത്. നോബൽ സമ്മാനം നേടിയ രവീന്ദ്രനാഥടാഗോറിന്റെ ഗീതകങ്ങൾ പ്രസിദ്ധമാണ്.
ഗീതാഞ്ജലി
രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതിയാണിത്. 1910 ജൂലായിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 157 ഗാനങ്ങളടങ്ങിയതാണ്. ടാഗോർ തന്നെ തയ്യാറാക്കിയ ഇംഗ്ളീഷ് ഭാഷയിലുള്ള ഗീതാഞ്ജലിക്ക് 1913ൽ നോബൽ സമ്മാനം കിട്ടി.
ഗദ്യരൂപത്തിലും പദ്യരൂപത്തിലുമായി ഗീതാഞ്ജലിക്ക്മിക്ക ഭാരതീയ ഭാഷകളിലും പരിഭാഷകളുണ്ടായി.
രചനാകാലം
രവീന്ദ്ര നാഥടാഗോറിന് അമ്പതു വയസുള്ളപ്പോൾ 1912ൽ ഇംഗ്ളണ്ടിലേക്ക് കപ്പൽ യാത്ര ചെയ്യവേയാണ് ഇംഗ്ളീഷ് ഗീതാഞ്ജലിയിലെ കവിതകൾ എഴുതിത്തീർന്നത്. കാവ്യരചനയ്ക്ക് സ്വതന്ത്ര പദ്യ സമ്പ്രദായമാണ് സ്വീകരിച്ചത്. ഇംഗ്ളീഷിലേക്കു പകർന്നപ്പോൾ ബംഗാളി കവിതയുടെ വൈശിഷ്ട്യം പകുതിയും പൊയ്പ്പോയെന്ന് കവി തന്നെ പറയുന്നുണ്ട്.
സ്നേഹസ്വരൂപനായ ഈശ്വരന്റെ പ്രതിഫലനമാണ് കവിക്ക് പ്രപഞ്ചം. ഈശ്വരോന്മുഖമായ വൈയക്തികാനുഭൂതികളുടെ ആവിഷ്കരണമാണ് ടാഗോർ നിർവഹിച്ചിരിക്കുന്നത്.
ഭജനയും പൂജയുമായിക്ഷേത്രത്തിന്റെ ഒഴിഞ്ഞ കോണിലിരിക്കുന്നവനോട് ഈശ്വരസാക്ഷാത്കാരത്തിനായി നിലമുഴുന്ന കർഷകന്റെ അടുത്തെത്താനാണ് കവി ഉപദേശിക്കുന്നത്.
ഗീതാഞ്ജലി മലയാളത്തിൽ
പ്രൊഫ.എൻ. ഗോപാലപിള്ള, കെ. എൽ.വി ശാസ്ത്രി എന്നിവരുടെ സംസ്കൃത പരിഭാഷകൾ പ്രസിദ്ധമാണ്. ബംഗാളി ഗീതാഞ്ജലിയെ അവലംബമാക്കി മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മലയാള പരിഭാഷ ശ്രദ്ധേയമാണ്.
ഗീതാഞ്ജലി ഗാനങ്ങളുടെ ഭാവസത്തയും ശ്രവണസുഭഗതയും ചോർന്നു പോകാതെയാണ് ജി. മലയാള പരിഭാഷ നിർവഹിച്ചത്. ലളിതസുന്ദര പരിഭാഷ.
വരൂ നവ നവാകാര -
മാർന്നു നീയെന്റെ ജീവനിൽ
വരൂ ഗന്ധത്തിൽ വർണത്തിൽ
നാനാ ഗാനസ്വരങ്ങളിൽ.
ഇംഗ്ളീഷ്ഗീതാഞ്ജലിയിലുള്ള ബംഗാളി കവിതകളുടെ പരിഭാഷ കെ.സി. പിള്ളയും ഡോ. വി. എസ്. ശർമ്മയും നിർവഹിച്ചിട്ടുണ്ട്.
നക്ഷത്ര ഗീതം
എരിയും സ്നേഹാർദ്രമാമെന്റെ ജീവിതത്തിന്റെ
തിരിയിൽ ജ്വലിക്കട്ടെ ദിവ്യമാം ദുഃഖജ്വാല
എങ്കിലും നെടുവീർപ്പിൻ ധൂമരേഖയാൽ നൂനം
പങ്കിലമാക്കില്ലെന്നുംദേവമാർഗമാം വാനം.
ഗീതകമെന്ന കാവ്യരൂപത്തിന്റെ സവിശേഷതകൾ ഈ വരികളിലുണ്ട്. ജി.യുടെ ശൈശവം, പങ്കജഗീതം എന്നിവയും നല്ല ഗീതകങ്ങളാണ്. മഹാകവി എം.പി. അപ്പനും നിരവധി ഗീതകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്.