ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു നെറ്റ ്വർക്കാണ് ഇന്റർനെറ്റ്. മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ ഇന്റർനെറ്റിലേക്ക് പ്രവേശിക്കാനാകും.
വേൾഡ് വൈഡ് വെബ് (www)
ഇന്റർനെറ്റിൽ പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ ആണ് വേൾഡ് വൈഡ് വെബ് അഥവാ വെബ്. ഡോക്യുമെന്റുകളുടെയും ഇന്റർനെറ്റ് ഉപകരണങ്ങളുടെയും ഒരു ശേഖരണമാണ് ഇത്. വിവിധ കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഹൈപ്പർ ടെക്സ്റ്റുകൾ എന്നറിയപ്പെടുന്ന സൂചകങ്ങൾ വഴിയാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്.
വേൾഡ് വൈഡ് വെബ് അഥവാ വെബ് എന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള ഹൈപ്പർടെക്സ്റ്റ് പ്രമാണങ്ങളുടെ ഒരു സംവിധാനമാണ്, പല സ്ഥലങ്ങളിലായി നിരവധി കമ്പ്യൂട്ടറുകളിൽ കിടക്കുന്ന ഈ ഹൈപ്പർടെക്സ്റ്റ് പ്രമാണങ്ങൾ ഇന്റർനെറ്റ് വഴിയാണ് പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. ഇന്റർനെറ്റുവഴി തന്നെയാണ് ഇവ നമുക്ക് കാണാനും ഉപയോഗിക്കാനും സാധിക്കുന്നതും. ഒരു വെബ് ബ്രൗസർ ഉപയോഗിച്ചു കാണാൻ സാധിക്കുന്ന വെബ് താളുകൾക്കുള്ളിൽ എഴുത്തുകൾ, പടങ്ങൾ, ചലച്ചിത്രങ്ങൾ തുടങ്ങിയ എല്ലാം ഉൾപ്പെടുത്താൻ സാധിക്കുന്നു. വെബിലുള്ള പ്രമാണങ്ങൾക്കെല്ലാം ഒരു യൂണിഫോം റിസോഴ്സ് ഐഡന്റിഫൈയർ അഥവാ യു.ആർ.ഐ ഉണ്ടാവും.
യു.ആർ.ഐ വഴിയാണ് ഓരോ പ്രമാണവും വെബിൽ തിരിച്ചറിയപ്പെടുന്നതും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതും.വേൾഡ് വൈഡ് വെബ് ഇന്റർനെറ്റിന്റെ പര്യായമാണെന്ന് പൊതുവേ കരുതാറുണ്ട്. ഇന്റർനെറ്റ് എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളുടെ ഒരു കൂട്ടമാണ് . ടെലിഫോൺ ലൈനുകൾ, ഒപ്റ്റിക്കൽ ഫൈബറുകൾ, അല്ലെങ്കിൽ വയർലെസ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകൾ തമ്മിലും കമ്പ്യൂട്ടർ ശൃംഖലകൾ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വേൾഡ് വൈഡ് വെബ് എന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് ഹൈപ്പർലിങ്കുകളും , യു.ആർ.ഐകളും ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബിലെ പ്രമാണങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്.
പ്രമാണങ്ങൾ എന്നു പറയുന്നത് എന്തുമാവാം ചിത്രങ്ങൾ, ശബ്ദങ്ങൾ, എച്ച്.റ്റി.എം.എൽ താളുകൾ, പ്രോഗ്രാമുകൾ, ഇങ്ങനെ . ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറിൽ ഡിജിറ്റൽ രീതിയിലായിരിക്കും മേൽപറഞ്ഞ പ്രമാണങ്ങൾ സൂക്ഷിച്ചിരിക്കുക.
ഇന്റർനെറ്റിന്റെ ഉപയോഗം
ആശയവിനിമയത്തിന് പുറമെ പ്രധാനമായും അറിവ്, വിദ്യാഭ്യാസം, എന്റർടെയിൻമെന്റ്, ബാങ്ക് ഇടപാടുകൾ, ഓൺലൈൻ പഠനം, കൊമേഴ്സ്, പ്രസിദ്ധീകരിക്കൽ, തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്റർനെറ്റ് ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്തതായിത്തീർന്നിരിക്കുന്നു. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അവരവരുടെ സ്വന്തം വെബ് സൈറ്റുകൾ ഉണ്ടാക്കാനും അവരുടെ വിവരങ്ങളോ ഫയലുകളോ ലോകത്തെമ്പാടുമുള്ള വെബിൽ പ്രസിദ്ധീകരിക്കാനും സാധിക്കും.
എങ്ങനെ ഇന്റർനെറ്റിലേക്കെത്താം
ഡയൽഅപ്പ്, കേബിൾ, ഫൈബർ ഒപ്റ്റിക്സ് ,മൊബൈൽ ഫോൺ അല്ലെങ്കിൽ വൈഫൈ ഉൾപ്പെടെ വ്യത്യസ്ത മാർഗങ്ങളിലൂടെ നമുക്ക് ഇന്റർനെറ്റിലേക്ക് പ്രവേശിക്കാനാകും. ഇതിനായി വിവിധ ഇന്റർനെറ്റ് സേവനദാതാക്കളുടെ സേവനം ഇന്ന് ലഭ്യമാണ്.ഒരു വെബ് ബ്രൗസർ ഉപയോഗിച്ചാണ് വെബ് താളുകൾക്കുള്ളിലെ എഴുത്തുകൾ, പടങ്ങൾ, ചലച്ചിത്രങ്ങൾ തുടങ്ങിയവ കാണാൻ സാധിക്കുന്നത്.
ബ്രൗസർ എന്നാൽ നിങ്ങൾക്ക് ഇന്റർനെറ്റിലേക്ക് ആക്സസ് നൽകുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു തരം സോഫ്റ്റ്വെയറാണ്. വിവരങ്ങളടങ്ങിയ വിഭിന്നമായ വെബ്സൈറ്റുകൾ പ്രദർശിപ്പിക്കുന്ന ഒരു വിൻഡോ ആയി ബ്രൗസർ പ്രവർത്തിക്കുന്നു. നിങ്ങൾ ബ്രൗസറിൽ വെബ് വിലാസം ടൈപ്പുചെയ്താൽ തത്ക്ഷണം തന്നെ നിങ്ങളെ ആ വെബ്സൈറ്റിലെത്തിക്കും
ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്,ഇന്റർനെറ്റ് എക്സപ്ലോറർ തുടങ്ങി നിരവധി വെബ് ബ്രൗസറുകൾ ഇന്നുണ്ട്.
വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ ്തിമോത്തി ജോൺ ടിം ബർണേഴ്സ് ലീ ആണ്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊക്ക്യുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീയാണ് (WWW) പ്രാവർത്തികമാക്കിയത്.
ഇ-മെയിൽ
ഇ-മെയിൽ എന്നാൽ ഇലക്ട്രോണിക് മെയിൽ. ഒരു കത്തിന്റെ ഇലക്ട്രോണിക് പതിപ്പ് പോസ്റ്റ് ചെയ്യുന്നതു പോലെയാണ് ഒരു ഇമെയിൽ അയയ്ക്കുന്നത്. നിങ്ങൾ ഒരു ഇമെയിൽ അയയ്ക്കുമ്പോൾ അത് അതിന്റെ ഉദ്ദിഷ്ടസ്ഥാനത്ത് നിമിഷങ്ങൾക്കുള്ളിൽ എത്തും. ഒരു വീട്ടുവിലാസം പോലെ, ഒാരോ ഇന്റർനെറ്റ് ഉപയോക്താവിനും തനതായ ഒരു ഇ-മെയിൽ വിലാസമുണ്ടാക്കാൻ കഴിയും. അതിലൂടെ മെയിലുകൾ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.