കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പന്തളം രാജകുടുംബം രംഗത്ത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിടുക്കം കാട്ടിയെന്ന് ശശികുമാര വർമ്മ ആരോപിച്ചു. ശത്രുക്കളെ കാണുന്നതുപോലെ കേരളത്തിലെയും ഇന്ത്യയിലെയും ഹൈന്ദവരെ കാണുന്ന നിലപാട് സ്വീകരിച്ചത് കേരളത്തിലെ സർക്കാരാണെന്നും ശശികുമാര വർമ്മ കൂട്ടിച്ചേർത്തു. വിധി നടപ്പിലാക്കാൻ പോയാൽ ഇന്ത്യാ ചരിത്രത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുമെന്നും ശശികുമാരവർമ പറഞ്ഞു.
ശബരിമല വിഷയത്തിലുണ്ടായ അടിയൊഴുക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ പരാജയ കാരണമെന്ന് ശശികുമാര വർമ്മ നേരത്തെ പറഞ്ഞിരുന്നു. സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ടപ്പോൾ മനസിലായ കാര്യങ്ങളാണ് ചില സി.പി.എം നേതാക്കൾ പിന്നീട് വിളിച്ചുപറഞ്ഞത്. മുഖ്യമന്ത്രിയുടെ എതിരഭിപ്രായം ഇതോട് ചേർത്ത് വായിക്കാം. കേരളത്തിലെ ജനങ്ങൾ അയ്യപ്പഭക്തരുടെ വികാരത്തിനൊപ്പം നിന്നതിനാലാണ് തിരഞ്ഞെടുപ്പിൽ ഒന്നൊഴിച്ച് പത്തൊൻപതിടത്തും എൽ.ഡി.എഫ് പരാജയപ്പെട്ടത്. യു.ഡി.എഫിന്റെ നേട്ടത്തിന് പിന്നിൽ ഭക്തജനങ്ങളുടെ വികാരമാണെന്നും ശശി കുമാര വർമ്മ പറഞ്ഞിരുന്നു.