ലാഹോർ: പാകിസ്ഥാൻ ഇന്ത്യയുമായി യുദ്ധത്തിനില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞു. ഇന്ത്യയുമായി ഒരിക്കലും യുദ്ധത്തിന് തുടക്കമിടില്ലെന്നും പാകിസ്ഥാനും ഇന്ത്യയും ആണവശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. ലഹോറിൽ ഗവർണറുടെ വസതിയിൽ സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യയുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇമ്രാൻഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ഞങ്ങൾ ഒരിക്കലും ഒരു യുദ്ധത്തിന് തുടക്കമിടില്ല. പാകിസ്ഥാനും ഇന്ത്യയും ആണവശക്തികളാണ്. സംഘർഷം മൂർച്ഛിച്ച് യുദ്ധത്തിലേക്കുപോയാൽ ലോകത്തിനാകെ അത് ദോഷംചെയ്യും. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുകയാണ്. അതിൽ വിജയിക്കുന്നവർക്കും നഷ്ടപ്പെടാൻ ഒരുപാടുണ്ടാവും. ഒട്ടനവധി പുതിയ പ്രശ്നങ്ങൾ ഉടലെടുക്കാനും അത് കാരണമാവും’’ -ഇമ്രാൻ പറഞ്ഞു.
പാകിസ്ഥാൻ ഭീകരപ്രവർത്തനം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയ്ക്കുപോലും തയ്യാറാവൂ എന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഈ വർഷമാദ്യം കാശ്മീരിലെ പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ്. ഭടന്മാർ കൊല്ലപ്പെട്ടിരുന്നു. അതോടുകൂടി പാകിസ്ഥാനുമായുള്ള ബന്ധം കൂടുതൽ വഷളാവുകയും ചെയ്തിരുന്നു.