സമൂഹമാദ്ധ്യമങ്ങളിലൂടെ വംശീയ വിദ്വേഷ പരാമർശമടങ്ങുന്ന പോസ്റ്റുകൾ നിരവധി തവണ പോസ്റ്റുചെയ്ത എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ.ആർ ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. നിരവധി പേരാണ് ഇന്ദിരയുടെ വാക്കുകൾക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. ദേശീയ പൗരത്വ പട്ടികയിൽ നിന്നും പത്തൊമ്പത് ലക്ഷം പേർ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിച്ച് വോട്ടും റേഷൻകാർഡും ആധാർകാർഡും നൽകാതെ പെറ്റുപെരുകാതിരിക്കാൻ സ്റ്ററിലൈസ് ചെയ്യുണമെന്നാണ് കെ.ആർ ഇന്ദിര ഫേസ്ബുക്കിൽ കുറിച്ചത്.
വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റിനെതിരെ ശക്തമായി പ്രതിഷേധിച്ചു അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് രംഗത്തുവന്നു. ' ഇവർക്ക് ദൃശ്യത ഒരുക്കുന്നത് ശരിയല്ലെന്ന് പല സുഹൃത്തുക്കളും പറഞ്ഞു. പക്ഷേ ഇവർ വീട്ടിലിരിക്കുന്ന ഒരു വ്യക്തിയല്ല.. വിദ്യാഭ്യാസമുള്ള തൊഴിൽ ചെയ്യുന്ന ,ബഹുജനസമ്പർക്കമുള്ള ഒരു വ്യക്തി ഇപ്രകാരം പറയുമ്പോൾ അതെത്ര അപകടകരമാണ്!' എന്നാണ് ദീപ നിശാന്ത് കുറിച്ചത്. ഇതു കൂടാതെ ഇന്ദിരയുടെ പോസ്റ്റുകളുടെ ലിങ്കുകൾ സംസ്ഥാന പൊലീസ് മേധാവിക്ക് മെയിൽ ചെയ്തതിന്റെ രേഖകളും അവർ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.