orbit

ബെംഗളൂരു: ചന്ദ്രയാൻ 2 വിക്രം ലാൻഡറിന്റെ ആദ്യ ഘട്ട ഭ്രമണപഥം താഴ്‌ത്തൽ വിജയകരമായി പൂർത്തിയായി. ചന്ദ്രനിലേക്ക് അടുക്കുന്ന ‘വിക്രം’ പൂർണമികവോടെ പ്രവർത്തിക്കുന്നതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) അറിയിച്ചു. ഇന്ന് രാവിലെ 8.50 നാണ് ഈ ദൗത്യം ഇസ്രോ നിർവഹിച്ചത്. നാല് സെക്കൻഡ് മാത്രം നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ചന്ദ്രനിൽ നിന്ന് 104 കിലോമീറ്റർ അടുത്ത ദൂരവും 128 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ലാൻഡർ ഇപ്പോഴുള്ളത്. അടുത്ത ഭ്രമണപഥം താഴ്ത്തൽ നാളെ ഉച്ചയ്ക്ക് ശേഷം 3.30നും 4.30നും മദ്ധ്യേ നടക്കും.

ചന്ദ്രയാൻ 2 പേടകത്തെയും ലാൻഡറിനെയും തമ്മിൽ മുറിച്ചുമാറ്റുന്ന നിർണായക ദൗത്യമാണ് ഇന്നലെ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ കേന്ദ്രത്തിലിരുന്ന് ശാസ്ത്രജ്ഞർ നിർവഹിച്ചത്. ആദ്യം പേടകത്തെയും ലാൻഡറിനെയും ബന്ധിപ്പിച്ചിരുന്ന 'മർമ്മൻ ബാൻഡ്' എന്ന സ്‌പ്രിംഗ് കെട്ട് മുറിച്ചു. അതോടെ സ്‌പ്രിംഗുകൾ വിടർന്നു. ആ പ്രവേഗത്തിൽ ലാൻഡർ സെക്കൻഡിൽ ഒരു മീറ്റർ എന്ന നിലയിൽ പേടകത്തിനു മുൻപേ കുതിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഈ‌‌‌‌‌‌ പ്രവേഗവ്യത്യാസം കാരണം ലാൻഡറിന് വേഗം കൂടിക്കൂടി പേടകത്തിൽ നിന്ന് കൂടുതൽ അകലും.

ഇന്നലെ ഉച്ചയ്ക്കാണ് ഓർബിറ്ററിൽ നിന്നു വേർപെട്ട് ചന്ദ്രനിലേക്കുള്ള ലാൻഡറിന്റെ കുതിപ്പു തുടങ്ങിയത്. ഉച്ചയ്ക്ക് 12.45നും 1.45നും ഇടയിലായിരുന്നു വേർപെടൽ. അതിനു ശേഷം മൂന്നിന് രാവിലെ 9നും 10നും ഇടയ്ക്ക് ഭ്രമണപഥം വീണ്ടും 109x120 കിലോമീറ്ററിലേക്കു താഴ്‌ത്തി. തുടർന്ന് സെപ്തംബർ നാലിന് വൈകിട്ട് 3നും നാലിനും ഇടയ്ക്ക് 36x110 കിലോമീറ്റർ ഭ്രമണപഥത്തിലേക്കും താഴ്ത്തും. 3,4 തീയതികളിലാണ് ഇറങ്ങേണ്ട സ്ഥലം സ്കാൻ ചെയ്ത് ആദ്യഘട്ട ലാൻഡിംഗ് മാപ് തയാറാക്കുക. സെപ്തംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയ്ക്കായിരിക്കും ലാൻഡർ ചന്ദ്രനിലിറങ്ങുക. ചന്ദ്രോപരിതലത്തിൽ മാൻസിനസ് സി, സിംപെലിയസ് എൻ എന്നീ ക്രേറ്ററുകൾക്കിടയിൽ ഇറങ്ങുന്നതോടെ ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.