തിരുവനന്തപുരം: കിഫ്ബിയുടെ സമഗ്ര ഓഡിറ്റിന് സി.എ.ജിക്ക് സർക്കാർ അനുമതി നിഷേധിച്ചു. സി.എ.ജി ഓഡിറ്റും അഭിപ്രായങ്ങളും നിക്ഷേപകരിൽ തെറ്റിദ്ധാരണ പരത്തുമെന്ന് കാണിച്ചാണ് സി.എജിക്ക് സർക്കാർ അനുമതി നിഷേധിച്ചത്. കൂടാതെ 2016ൽ ഭേദഗതി ചെയ്ത കിഫ്ബി നിയമപ്രകാരം പരിശോധനകൾക്കായി സി.എ.ജിക്ക് പകരം മൂന്നംഗ സമിതിയെ ചുമതലപ്പെടുത്താൻ വ്യവസ്ഥയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ഈ മൂന്നംഗ ഉപദേശകസമിതി ഓഡിറ്റിന് പകരമാകില്ലെന്നും സിഎജി ഓഡിറ്റ് നിക്ഷേപകരിൽ വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നും എ.ജി ഇതിനോട് പ്രതികരിച്ചു. വൻ മുതൽമുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നൽകേണ്ട വെല്ലുവിളിയുമാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ മുന്നിലുള്ളതെന്നും, അതിനാൽ സമ്പൂർണ പ്രവർത്തന ഓഡിറ്റ് നടത്തേണ്ടത് അനിവാര്യമാണെന്നും സി.എ.ജി വ്യക്തമാക്കി.
സമ്പൂർണ ഓഡിറ്റ് ആവശ്യപ്പെട്ട് സി.എ.ജി ധനകാര്യ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. കൂടാതെ കഴിഞ്ഞ ഫെബ്രുവരി 11 ന് മുഖ്യമന്ത്രിക്കും എ.ജി കത്ത് നൽകിയിരുന്നുവെങ്കിലും ഇതിൽ നടപടിയൊന്നുമുണ്ടായില്ല.
സമഗ്ര ഓഡിറ്റ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓഡിറ്റിന് അനുമതി നൽകാത്തത് അഴിമതിയും കെടുകാര്യസ്ഥതയുമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഡിറ്റ് അനിവാര്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.