p-j-joseph

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വരുമെന്ന് കേരള കോൺഗ്രസ് (എം)മുതിർന്ന നേതാവ് പി.ജെ ജോസഫ് പറഞ്ഞു. ജോസ് ടോമിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പ് വയ്‌ക്കില്ലെന്നും എന്നാൽ, തിരഞ്ഞെടുപ്പിൽ ജോസ് ടോമിനെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"യു.ഡി.എഫിന്റെ സ്വതന്ത്രനായിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ ജയത്തിനായി പ്രവർത്തിക്കു"മെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയാണ് ജോസ് ടോമെന്നും കേരളാ കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയല്ലെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേർത്തു. ജോസ് ടോമിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും യു.ഡി.എഫ് കൺവീനർ ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു.

പാലാ മണ്ഡലം രൂപീകരിച്ച് 54 വർഷത്തിനു ശേഷം കെ.എം.മാണിയും കരിങ്ങോഴിയ്‌ക്കൽ കുടുംബത്തിൽ നിന്നുമല്ലാതെ പുതിയ സ്ഥാനാർത്ഥിയാവുന്ന വ്യക്തിയാണ് ജോസ് ടോം. ജോസഫ് ചിഹ്നം നൽകില്ലെന്നു വന്നതോടെ നിഷയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിക്കാൻ ജോസ് വിഭാഗം തീരുമാനിച്ചെങ്കിലും ചില യു.ഡി.എഫ് നേതാക്കൾ അംഗീകരിക്കാതെ വന്നതോടെയാണ് നിഷയെ ഒഴിവാക്കി തോമസ് ചാഴികാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഏഴംഗ സമിതി ജോസ് ടോമിന്റെ പേര് പ്രഖ്യാപിച്ചത്. ജോസഫ് പുറത്താക്കിയ 21 ജോസ് വിഭാഗം നേതാക്കളിൽ ഒരാളാണ് ജോസ് ടോം.