കൊച്ചി: പിറവം പളളികേസുമായി ബന്ധപ്പെട്ടുള്ള വിധി വിശ്വാസികളുടെ വികാരം സംരക്ഷിച്ച് ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാരിന്റെ വിശദീകരണം. മതപരമായ അവകാശങ്ങൾ സംരക്ഷിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പള്ളിയിൽ പോകണമെങ്കിൽ പൊലീസിന് സത്യവാങ്മൂലം നൽകണം(ആധാർ കാർഡോ ഇലക്ഷൻ കാർഡോ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം, 1934ലെ ഭരണഘടന അംഗീകരിക്കുന്നുവെന്ന് എഴുതി നൽകുകയും വേണം), പൊലീസിന്റെ പാസില്ലാതെ പള്ളിയിൽ പ്രവേശനമില്ല, 250 വിശ്വാസികളിൽ കൂടുതൽ ആളുകളെ ഒരുസമയം പള്ളിയിലേക്ക് പ്രവേശനം അനുവദിക്കില്ല. കുർബാന കഴിഞ്ഞ് 15 മിനിറ്റിനകം പള്ളി വിട്ട് പോകണം, പള്ളിയിലേക്കുള്ള പ്രവേശനം ചടങ്ങിന് ഒരുമണിക്കൂർ മുമ്പ് മാത്രം തുടങ്ങിയ നിബന്ധനകളാണ് സർക്കാരിനുവേണ്ടി പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുന്നോട്ടുവച്ചിരിക്കുന്നത്.
സുപ്രീം കോടതി വിധി അനുസരിച്ച് ഭരണച്ചുമതല തങ്ങൾക്കാണെന്നും പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ സംസ്ഥാന സർക്കാർ യാക്കോബായ സഭയ്ക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്നും ഓർത്തഡോക്സ് വിഭാഗം ആരോപിച്ചിരുന്നു.