online-sex-mafia-

തിരുവനന്തപുരം: പൊലീസ് എത്രതന്നെ നടപടി കടുപ്പിച്ചിട്ടും ഓൺലൈൻ പെൺവാണിഭം സംസ്ഥാനത്ത് നിർബാധം തുടരുന്നു. പൊലീസിന്റെ സൈബർ സംവിധാനങ്ങളെയാകെ നോക്കുകുത്തിയാക്കി ചില 'കുപ്രസിദ്ധ സൈറ്റുകൾ' വഴിയാണ് ഓൺലൈൻ പെൺവാണിഭം പൊടിപൊടിക്കുന്നത്. സംഘത്തിൽ സ്ത്രീകളും ഏജന്റുമാരായി പ്രവർത്തിക്കുന്നു. 'ഫ്ളാഷ്' നടത്തിയ ഓപ്പറേഷനിൽ ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചു. ഒരു സൈറ്റിൽ നൽകിയ നമ്പറിൽ ആവശ്യക്കാരനെന്ന് ബോദ്ധ്യപ്പെടുത്തിയാണ് 'ഫ്ളാഷ്' പെൺവാണിഭ സംഘത്തെ ബന്ധപ്പെട്ടത്. ഒരു മറയും കൂടാതെ ഏത് പ്രായക്കാരെയും ഇഷ്ടമുള്ള സ്ഥലത്ത് എത്തിച്ചുതരാമെന്നായിരുന്നു മറുപടി.

ഫോണിലൂടെ സംസാരിക്കുന്നതാകട്ടെ സ്ത്രീകളാണ്. റേറ്റും അപ്പോൾതന്നെ പറയും. സ്ത്രീകളാണ് ആവശ്യക്കാരെങ്കിൽ പുരുഷന്മാരെ എത്തിച്ചുനൽകാനും സംഘം തയാറാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ വയസ് ക്രമത്തിൽ തരംതിരിച്ചാണ് റേറ്റ് നിശ്ചയിക്കുക.

പെൺകുട്ടികളേയും യുവതികളേയും വലയിൽ വീഴ്ത്തിയാണ് ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം. 10,000 മുതൽ 25,000 രൂപാവരെയാണ് ഈടാക്കുന്നതെന്ന വെളിപ്പെടുത്തലും സംഘത്തിൽ നിന്നുണ്ടായി. തിരുവനന്തപുരത്തും, കൊച്ചിയിലും തൃശൂരുമൊക്കെ ഇത്തരത്തിൽ ഓൺലൈൻ പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് 'ഫ്ളാഷ്' അന്വേഷണത്തിൽ കണ്ടെത്തിയത്. പേര് പറഞ്ഞുതന്നെ ഏജന്റ് ഫോണിലൂടെ സംസാരിക്കാൻ തയാറാകും. പൊലീസ് റെയ്ഡ് ഉണ്ടാകില്ലേ എന്ന് ചോദിച്ചാൽ അതൊന്നും ഭയക്കണ്ട എന്ന മറുപടിയും ലഭിക്കും.

തിരുവനന്തപുരത്ത് തമ്പാനൂരിലും പ്ലാമൂട്ടിലുമാണ് സംഘത്തിന്റെ പ്രധാന പ്രവർത്തനമെന്നും അറിയുന്നു. രണ്ടിടത്തും സ്ത്രീകളാണ് ഏജന്റുമാർ. ഇടപാടുകാരുമായി സ്ഥലം പറഞ്ഞ് ഉറപ്പിക്കാൻ സൗകര്യമുണ്ടെന്നും ഏജന്റുമാർ വിശ്വസിപ്പിക്കും. നേരിട്ട് പണം കൈമാറിയാൽ മതി എന്നും വ്യക്തമാക്കും. ഒരു സൈറ്റിൽ കണ്ട ഒരു നമ്പറിലേക്ക് വിളിച്ചപ്പോൾ തമ്പാനൂരിൽ എത്തിയിട്ട് വിളിച്ചാൽ മതിയെന്നായിരുന്നു മറുപടി.

സ്ഥലംമാറുമ്പോൾ റേറ്റിൽ വ്യത്യാസം

തിരുവനന്തപുരത്ത് ചില വീടുകൾ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘങ്ങൾ തങ്ങളുടെ ഡീലുകൾ ഉറപ്പിക്കുന്നതെന്നാണ് വിവരം. കൊച്ചിയിലും തൃശൂരും ചില ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ചില മുന്തിയ ഹോട്ടലുകളിലും സംഘം താവളമാക്കാറുണ്ടത്രേ. മാത്രമല്ല, സ്ഥലങ്ങൾ മാറുമ്പോൾ റേറ്റിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും പെൺവാണിഭ സംഘം വെളിപ്പെടുത്തി. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് റേറ്റ് കൂടുതലെന്നും വാണിഭ സംഘം പറയുന്നു. അയ്യായിരത്തിൽ കുറഞ്ഞ് ആളെ കിട്ടാൻ പ്രയാസമാണെന്ന് 'ഫ്ളാഷ്' നടത്തിയ ഓപ്പറേഷനിൽ ഈ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെട്ട് ഹേമന്ദ് എന്ന് പരിചയപ്പെടുത്തിയ ഒരു ഏജന്റ് പറഞ്ഞു. തൃശൂരിൽ മധു എന്നൊരാളാണ് ഓൺലൈൻ പെൺവാണിഭത്തിന്റെ കണ്ണിയെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തിയിട്ട് ഇരകളെ തിരഞ്ഞെടുക്കാമെന്നാണ് ഇയാൾ പറഞ്ഞത്. ഏത് പ്രായത്തിലുള്ള യുവതികളെയാണ് ആവശ്യമെന്ന് മുൻകൂട്ടി പറയണമെന്ന ഒരു നിബന്ധന കൂടി ഇയാൾ മുന്നോട്ടുവച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചുംബന സമര നായകനും ഭാര്യയായ ബിക്കിനി മോഡലും ഉൾപ്പെടെ സംഘം തിരുവനന്തപുരത്ത് പിടിക്കപ്പെട്ടതോടെയാണ് ഓൺലൈൻ പെൺവാണിഭ സംഘത്തിനെതിരെ പൊലീസ് നടപടി കടുപ്പിച്ചത്. തുടർന്ന് ഒട്ടേറെപേർ പിടിയിലുമായി. ശേഷം ഇത്തരം ഓൺലൈൻ സൈറ്റുകളെ പൊലീസ് നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്. എന്നിട്ടും അതിനെയെല്ലാം വെട്ടിച്ചാണ് ചില സൈറ്റുകളിലൂടെ വീണ്ടും ഓപ്പണായി പെൺവാണിഭ സംഘങ്ങൾ രംഗത്തെത്തുന്നത്.

വലയിൽ വീഴ്ത്തും

പെൺകുട്ടികളെയും യുവതികളേയും ഉൾപ്പെടെ തങ്ങളുടെ വലയിൽ വീഴ്ത്തിയാണ് സംഘത്തിന്റെ പ്രവർത്തനമെന്നാണ് സൂചന. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരും കേരളത്തിലുള്ളവരെയുമൊക്കെ ഇത്തരത്തിൽ സംഘം കെണിയിൽ പെടുത്തിയിട്ടുണ്ടത്രേ.

'ഫ്ളാഷ്' സംഭാഷണം

ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ വീണ്ടും അരങ്ങുതകർക്കുന്നു എന്ന വിവരത്തെ തുടർന്ന് ഒരു വെബ്‌സൈറ്റിൽ നിന്ന് കിട്ടിയ നമ്പറിലേക്ക് ഫ്ളാഷ് റിപ്പോർട്ടർ നടത്തിയ ഫോൺസംഭാഷണം. ഏജന്റ് എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീയാണ് സംസാരിച്ചത്. അതിങ്ങനെ:

റിപ്പോർട്ടർ: ഹലോ, ... സൈറ്റിൽ നിങ്ങളുടെ നമ്പർ കണ്ടിരുന്നു
വനിതാ ഏജന്റ് : നിങ്ങൾ എവിടെ നിന്നാണ്?
റിപ്പോർട്ടർ: തിരുവനന്തപുരത്ത് നിന്നാണ്.
വനിതാ ഏജന്റ്: ഇത് പട്ടം പ്ലാമൂട് ആണ്. അവിടെ വന്നിട്ട് വിളിച്ചാൽ മതി
റിപ്പോർട്ടർ: എത്രയാണ് റേറ്റ്?
വനിതാ ഏജന്റ്: മണിക്കൂറിന് മൂവായിരം മുതലുള്ളത് കൈവശമുണ്ട്. പ്രായം കുറയുമ്പോൾ റേറ്റ് കൂടും.
റിപ്പോർട്ടർ: ഏത് പ്രായക്കാർ വരെയുണ്ട്?
വനിതാ ഏജന്റ്: 21വയസ് മുതലുള്ളവരുണ്ട്.
റിപ്പോർട്ടർ: സേഫ് ആണല്ലോ അല്ലേ?
വനിതാ ഏജന്റ്: ഒരു പ്രശ്നവുമില്ല. വീടുണ്ട്. സ്വന്തം സ്ഥലം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യാം.
റിപ്പോർട്ടർ: ഞാൻ സ്ഥലത്തു എത്തിയിട്ട് വിളിക്കാം
വനിതാ ഏജന്റ്: അതുമതി, ഓ.കെ.