കൊല്ലം: അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ജലഗതാഗത വകുപ്പിന്റെ 'സീ അഷ്ടമുടി ഡബിൾ ഡക്കർ ബോട്ട്' ഒക്ടോബർ രണ്ടാംവാരമെത്തും. ബോട്ട് ഒരാഴ്ചയ്‌ക്കുള്ളിൽ അരൂർ കായലിൽ പാണാവള്ളി ഭാഗത്ത് നീറ്റിലിറക്കും. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സർവീസ് നടത്തുക.
പാണാവള്ളിയിലെ സ്വകാര്യ ഷിപ്പ് യാർഡിലാണ് ബോട്ടിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. ബോട്ടിന്റെ ഉരുക്കിൽ തീർത്ത അടിഭാഗം (ഹൾ), ഫൈബർ കൊണ്ടുള്ള ഉപരിഘടന, സീറ്റ് ഘടിപ്പിക്കുന്ന ഡെക്ക് എന്നിവയുടെ നിർമ്മാണം പ്രത്യേകം പൂർത്തിയായിട്ടുണ്ട്. ഹള്ളും ഡെക്കും കൂട്ടിയോജിപ്പിച്ച ശേഷമാണ് നീറ്റിലിറക്കുക. ഇതിന് ശേഷം ഉപരിഘടന കൂടി ഘടിപ്പിച്ച ശേഷം ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ സാന്നിദ്ധ്യത്തിൽ സുരക്ഷാ പരിശോധന നടക്കും. ആലപ്പുഴയിൽ നിന്ന് കൊണ്ടുവരുമ്പോൾ പാലങ്ങൾ തടസമായി നിൽക്കുന്നതിനാൽ കൊല്ലത്തെത്തിച്ച ശേഷമേ രണ്ടാം നില ഘടിപ്പിക്കൂ.
സീ അഷ്ടമുടിയിൽ ആകർഷകമായ സൗകര്യങ്ങൾ
രണ്ട് നിലകളുള്ള സീ അഷ്ടമുടിയിൽ 90 ഇരിപ്പിടങ്ങളുണ്ട്. സാധാരണ യാത്രക്കാർക്കുള്ള ആദ്യനിലയിൽ 50 ഇരിപ്പിടങ്ങളും ടൂറിസ്റ്രുകൾക്കായുള്ള മുകൾ തട്ടിൽ 40 ഇരിപ്പിടങ്ങളും ഉണ്ടാകും. പെയിന്റിംഗുകളും തടിശില്പങ്ങളും കൊണ്ട് മനോഹരമായിരിക്കും ഉൾഭാഗം. രണ്ട് നിലകളിലും ഓരോ ബയോ ടോയ്ലറ്റുകളും ഉണ്ടാകും.
- 90 ഇരിപ്പിടങ്ങൾ
-രണ്ട് നിലകൾ
-നിർമ്മാണ ചെലവ് ഒരു കോടി
''ഒന്നരമാസത്തിനുള്ളിൽ സീ അഷ്ടമുടി കൊല്ലത്തെത്തും. ബോട്ടിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ് ബോട്ടിന്റെ റൂട്ടിന്റെ കരട് തയ്യാറായിട്ടുണ്ട്. ടിക്കറ്റ് നിരക്ക് സർവ്വീസ് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് നിശ്ചയിക്കും.''
ഷാജി വി. നായർ
(ജലഗതാഗത വകുപ്പ് ഡയറക്ടർ)