
തിരുവനന്തപുരം: ടെെറ്റാനിയം മാലിന്യപ്ലാന്റ് അഴിമതിക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടു. വിജിലൻസ് ശുപാർശയിൽ സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസിൽ ആരോപണ വിധേയരാണ്. മുൻ വ്യവസായമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും ആരോപണമുണ്ട്. ഉദ്യോഗസ്ഥരുൾപ്പെടെ ആറ് പേർ കേസിൽ പ്രതികളാണ്. മാലിന്യ സംസ്കരണത്തിനായി ഉപകരണങ്ങൾ വാങ്ങിയതിലുള്ള അഴിമതിയിൽ 80 കോടി നഷ്ടം സംഭവിച്ചതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.
2006ലാണ് ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം ആരംഭിച്ചത്. ടൈറ്റാനിയം പ്ലാന്റിന്റെ നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നത് മന്ത്രി കെ.കെ. രാമചന്ദ്രനാണ്. എന്നാൽ, രമേശ് ചെന്നിത്തല സമ്മർദം ചെലുത്തിയാണ് മെക്കോൺ കമ്പനി വഴി ഫിൻലാൻഡിലെ കമ്പനിക്ക് കരാർ നൽകിയതെന്നാണ് ആരോപണം. 256 കോടി രൂപയുടെ അഴിമതി നടന്നെന്നും ആരോപണമുണ്ട്.