kodiyeri-balakrishnan

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സി.ബി.ഐക്ക് വിട്ട നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഈ നടപടി വേട്ടയാടൽ അല്ലെന്നും വിജിലൻസിന് അന്വേഷിച്ച് കണ്ടെത്താൻ പരിമിതികൾ ഉള്ളതുകൊണ്ടാണ് കേസ് സി.ബി.ഐയെ ഏൽപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപ്പ് തിന്നവർ വെള്ളം കുടിക്കണമെന്നും കോടിയേരി പറഞ്ഞു. വിജിലൻസ് ശുപാർശയെ തുടർന്നാണ് ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സർക്കാർ സി.ബി.ഐക്ക് വിട്ടത്.

2004-2006 കാലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞുമാണ് തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. ഇതിൽ 256 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം ഉയർന്നിരുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് 80 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ കേസിൽ ഉൾപ്പെട്ടവർക്ക് അന്താരാഷ്ട്ര ബന്ധം ഉള്ളതുകൊണ്ടാണ് കേസ് സി.ബി.ഐക്ക് വിടുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം.