amit-jogy-

റായ്പൂർ: ചത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകനും ചത്തീസ്ഗഡിലെ ജനതാ കോൺഗ്രസ് നേതാവുമായ അമിത് ജോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജസത്യവാങ്മൂലം നൽകിയതുമായി ബന്ധപ്പെട്ട വഞ്ചനാക്കുറ്റത്തിനാണ് അറസ്റ്റ്. ബി.ജെ.പി നേതാവ് സമീറ പൈക്ര നൽകിയ പരാതിയിലാണ് നടപടി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അമിത് ജോഗി തന്റെ ജനനസ്ഥലം, സമയം, ജാതി എന്നീ വിവരങ്ങൾ തെറ്റായി നൽകിയെന്നാണ് കേസ്. പട്ടികവർഗവിഭാഗക്കാരനാണെന്ന് വ്യാജരേഖ ഉണ്ടാക്കിയതിന്, ചത്തീസ്ഗഡ് പട്ടികജാതി, പിന്നാക്ക വർഗ നിയമപ്രകാരം അമിത്തിനെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമിത് ജോഗിക്കെതിരെ മാർവാഹി മണ്ഡലത്തിൽനിന്ന് മത്സരിച്ചത് സമീറ പൈക്രയായിരുന്നു. 1978ൽ ചത്തീസ്ഗഡിലെ സർബെഹര ഗൗറേല ഗ്രാമത്തിലാണ് താൻ ജനിച്ചതെന്നായിരുന്നു സത്യവാങ്മൂലത്തിൽ അമിത് ജോഗി നൽകിയിരുന്ന വിവരം. എന്നാൽ, 1977ൽ യു.എസിലെ ടെക്സാസിലാണ് ജോഗി ജനിച്ചതെന്നാണ് പരാതിയിൽ സമീറ ചൂണ്ടിക്കാട്ടിയത്.