മുംബയ്: നവിമുംബയിലെ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) പ്ലാന്റിലുണ്ടായ വൻതീപിടിത്തത്തിൽ നാല് മരണം. ഒരു ഒ.എൻ.ജി.സി ജീവനക്കാരനും മൂന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുമാണു മരിച്ചത്. രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെ നവിമുംബയിലെ ഉറാനിലുള്ള പ്ലാന്റിലായിരുന്നു അപകടം. ഒ.എൻ.ജി.സിയിലെ റസിഡൻഷ്യൽ പ്ലാന്റ് സൂപ്പർവൈസർ സി.എൻ. റാവു (50), സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരായ ക്യാപ്ടൻ ഇ. നായക (48), എസ്.പി. കുശ്‌വാഹ (36), എം.കെ. പസ്വാൻ എന്നിവരാണ് മരിച്ചത്.
സംഭവത്തെ തുടർന്ന് പ്ലാന്റിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പൊലീസ് സീൽ ചെയ്തു. മുംബയ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ഉറാൻ പ്ലാന്റിൽ ഗ്യാസും എണ്ണയും കടത്തിവിടുന്ന കുഴലിലാണ് തീപിടിത്തമുണ്ടായതെന്ന് ഒ.എൻ.ജി.സി ട്വീറ്റ് ചെയ്തു. ഉറാൻ, പനവേൽ, നെരൂൾ, ജെ.എൻ.പി.ടി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ തീപിടിത്തം എണ്ണ ഉത്പാദനത്തെ ബാധിക്കില്ലെന്നും ഒ.എൻ.ജി.സി അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് ഇവിടെയുള്ള ഗ്യാസ് 330 കി.മീ അകലെ ഗുജറാത്തിലെ ഹസിറയിലുള്ള ഗ്യാസ് പ്ലാന്റിലേക്കു മാറ്റിയതായാണ് റിപ്പോർട്ട്. പ്രകൃതിദത്ത വാതകവും ക്രൂഡ് ഓയിലും ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് ഒ.എൻ.ജി.സി.