തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള നിസാരമായ കുറ്റങ്ങൾക്ക് നൂറു രൂപ പിഴയടച്ച് പോയിരുന്ന ജനം, പിഴത്തുക പതിൻമടങ്ങാക്കിയതോടെ കളം മാറ്റി ചവിട്ടി തുടങ്ങി. പിഴ കോടതിയിലടച്ചോളാമെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥരോട് വാഹനമോടിക്കുന്നവർ പറയുകയാണ്. എന്നാൽ ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതിനെ സംബന്ധിച്ച് പൊലീസ് - മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായും ആക്ഷേപമുണ്ട്. ഹെൽമറ്റ് വയ്ക്കാതെയും, സീറ്റ് ബൽറ്റിടാതെയും യാത്രചെയ്യുന്നവരിൽ ഭൂരിഭാഗം പേരും പിഴയൊടുക്കാൻ തയ്യാറാവാതെ കേസ് കോടതിയിലേക്ക് അയക്കാൻ ആവശ്യപ്പെടുകയാണിപ്പോൾ. പിഴ തുക ആയിരത്തിന് മുകളിലാക്കിയതോടെ കൈയ്യിൽ കാശില്ലാതെ പൊലീസിന് മുന്നിൽ പെടുന്നവരുടെ എണ്ണവും കൂടിയിരിക്കുകയാണ് . അതേ സമയം കേസ് കോടതിയിലെത്തിയാൽ അവിടെ ഡ്യൂട്ടിക്കായി നിയോഗിക്കാൻ തക്ക ആൾബലം മോട്ടാർ വാഹന വകുപ്പിനില്ല. അതിനാൽ തന്നെ കേസിനു പിന്നാലെ പോകാതെ ഓഫീസിൽ ഒരാഴ്ചയ്ക്കകം പിഴത്തുക എത്തിക്കുവാനാണ് ഇപ്പോൾ യാത്രികരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.
കേരളത്തിൽ നിസാരകുറ്റത്തിന് പതിനായിരത്തിലേറെ പേരാണ് ദിവസവും പൊലീസ് പിടിയിലാവുന്നത്. ഇവർ ഒന്നടങ്കം കോടതിയിലേക്ക് കേസ് മാറ്റുവാൻ ആവശ്യപ്പെട്ടാൽ പ്രശ്നം സങ്കീർണമാവും. എന്നാൽ കേസ് കോടതിയിലെത്തുന്നതോടെ പൊലീസ് നടപടിയെ ചോദ്യം ചെയ്യാൻ ജനത്തിന് അവസരം ലഭിക്കും. നിയമലംഘനം കോടതിക്കു മുന്നിൽ അവതരിപ്പിക്കേണ്ട ബാദ്ധ്യത ഉദ്യോഗസ്ഥരിൽ വന്നു ചേരുകയും ചെയ്യും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയാണ് ഏക വഴി. എന്നാൽ ഇതിനായി പൊലീസിനും, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കും ആവശ്യമായ ഡിജിറ്റൽ ക്യാമറ ഇപ്പോൾ ലഭ്യമായിട്ടില്ല. സ്വന്തം മൊബൈൽ ഫോണാണ് ദൃശ്യങ്ങൾ ശേഖരിക്കുവാനായി ഉദ്യോഗസഥർ ഇപ്പോൾ ഉപയോഗിക്കുന്നത്.