നൃത്തമായിരുന്നു കുഞ്ഞുന്നാൾ മുതൽ മനസിൽ കൊണ്ടുനടന്ന സ്വപ്നം. അറിയപ്പെടാൻ ആഗ്രഹിച്ചതും നർത്തകി എന്ന പേരിൽ. പക്ഷേ സിനി വർഗീസ് എന്ന പേരിനൊപ്പം ഇന്ന് കൂടുതൽ ചേരുക അഭിനേത്രി എന്ന വിശേഷണമാണ്. അപ്പോഴും മനസ് നിറയെ നൃത്തം തന്നെയാണ്. അവിചാരിതമായി കാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടി വന്നപ്പോൾ ധൈര്യം പകർന്നത് നർത്തകിയാണെന്ന ആത്മവിശ്വാസമായിരുന്നു. അതുതന്നെയാണ് ഇപ്പോഴും മുന്നോട്ട് നയിക്കുന്നതും. ഇന്നിപ്പോൾ ആർക്കും ദേഷ്യം തോന്നുന്ന വില്ലത്തിയാവാനും പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന പാവം നായികയാകാനും സിനിക്ക് ഒരു നിമിഷം മതിയാകും.
'നടിയാകണം എന്ന തീവ്ര ആഗ്രഹത്തോടെ ഇവിടേക്ക് എത്തിയ ആളല്ല ഞാൻ. അഭിനയരംഗത്തേക്ക് എത്താനായി അങ്ങനെ ഒന്നും ചെയ്തിരുന്നില്ല എന്നതാണ് സത്യം. പിന്നെ ഈ രംഗത്തുള്ളവരിൽ പലരും നൃത്തത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അതുപോലെ ഞാനും നൃത്തം, ചെറിയ ചെറിയ ഫോട്ടോ ഷൂട്ടുകൾ, ആൽബങ്ങൾ അങ്ങനെയൊക്കെയാണ് അഭിനയത്തിലേക്കും എത്തുന്നത്. ഡാൻസിലൂടെ ഒരു അവസരം കിട്ടി, അഭിനയിച്ചു.
ആദ്യം അവസരം കിട്ടിയത് ബാലാജി പ്രൊഡക്ഷൻസിന്റെ കൂട്ടുകാരി എന്ന പരമ്പരയിലേക്കാണ്. പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് കൂട്ടുകാരിയുടെ പ്രൊഡക്ഷൻ കൺട്രോളർ എന്റെ ഫോട്ടോ കാണാനിടയായി. അത് കഴിഞ്ഞ് എന്റെ ഡാൻസും കാണാൻ വന്നു. അങ്ങനെയാണ് അതിലേക്ക് കാസ്റ്റ് ചെയ്യുന്നത്, അഭിനേത്രിയായ കഥ സിനി പങ്കുവയ്ക്കുന്നു.
സർവ്വം നൃത്തമയം
ഡാൻസ് അഭിനയത്തെ സാഹായിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചാൽ മറുപടി പറയാൻ എനിക്കറിയില്ല. മൂന്നു വയസുമുതൽ നൃത്തം എനിക്കൊപ്പമുണ്ട്. ഇപ്പോൾ ഭരതനാട്യത്തിൽ ബി.എ പൂർത്തിയാക്കി. ഇനിയും ഈ വഴി തന്നെ പിന്തുടരണം. നൃത്തത്തിന്റെ തന്നെ വിവിധ ശാഖകളിൽ കൂടുതൽ അറിവ് നേടണം. പുതിയ നൃത്തരൂപങ്ങൾ പഠിക്കണം. നൃത്തം അഭിനയത്തെ സഹായിക്കുന്നതിലുപരിയായി ഒരു അഭിനേത്രി എന്നത് എന്റെ നൃത്തത്തെ ഒരുപാട് സഹായിക്കുന്നുണ്ടെന്ന് പറയാനാണ് ഇഷ്ടം. സ്റ്റേജ് ഷോകളും റിയാലിറ്റി ഷോകളുമൊക്കെയായി ഒരുപാട് അവസരങ്ങൾ കിട്ടിയത് അഭിനേത്രിയായതുകൊണ്ടാണ്.
സീരിയൽ രംഗത്തേക്ക് എത്തുന്നതുവരെ ഞാൻ പക്കാ ക്ലാസിക്കൽ ഡാൻസർ മാത്രമായിരുന്നു. ഒരു വ്യത്യസ്തത പരീക്ഷിക്കാനുള്ള ധൈര്യവും അവസരവും കിട്ടുന്നത് ഇത്തരം റിയാലിറ്റി ഷോകളിൽ നിന്നായിരുന്നു. ഏത് നൃത്തരൂപവും ചെയ്യാൻ പറ്റുന്ന ഒരാൾ എന്ന പേര് എനിക്ക് കിട്ടാൻ കാരണം ഇത്തരം റിയാലിറ്റി ഷോകൾ തന്നെയാണ്. താരോത്സവം, സുന്ദരി നീയും സുന്ദൻ ഞാനും ഒക്കെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഏരിയൽ ഡാൻസും റോപ് ഡാൻസുമൊക്കെ പരീക്ഷിക്കുന്നത് അത്തരം സ്റ്റേജുകളുടെ ഭാഗമായാണ്. ഒരു അഭിനേത്രി എന്ന പേര് നൃത്തത്തിൽ കൂടുതൽ അവസരങ്ങൾ കിട്ടാൻ കാരണമായി. വേറെ ഏത് കരിയറായി തിരഞ്ഞെടുത്താലും അതിൽ നിന്നും നൃത്തത്തിന് ഇത്രയും പിന്തുണ കിട്ടുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ ശാസ്ത്രീയ നൃത്തം എന്ന മേഖലയിൽ മാത്രം ഒതുങ്ങിപ്പോവുമായിരുന്നു.
ഒടുവിൽ റോപ് ഡാൻസും പഠിച്ചു
എല്ലാ നൃത്തരൂപങ്ങളും പഠിക്കാനും പരീക്ഷിക്കാനും പറ്റി എന്നതുതന്നെ ഒരു വലിയ സന്തോഷമാണ്. ഏറ്റവും പൂർണതയോടെ ചെയ്യാൻ പറ്റും എന്നുള്ള ആത്മവിശ്വാസമൊന്നും ഇല്ലെങ്കിൽ പോലും തെറ്റില്ലാതെ ചെയ്യാൻ പറ്റും എന്നത് ഒരു വലിയ കാര്യമായി എനിക്ക് തോന്നുന്നു. ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് എല്ലാ നൃത്തരൂപങ്ങളും പഠിക്കാൻ സാധിക്കുക എന്നതുതന്നെ ഒരു ഭാഗ്യമാണ്. സാധാരണക്കാരായ ആളുകളാണെങ്കിൽ വളരെ കുറച്ചു പേർക്കേ അത്തരം അവസരം കിട്ടുള്ളൂ. റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണ് റോപ് ഡാൻസ് പഠിച്ചത്. അത് തന്ന അനുഭവം വളരെ വലുതാണ്. അല്പം റിസ്കുള്ള പരിപാടിയാണ്. നമുക്ക് നമ്മളോടുതന്നെയുള്ള സ്നേഹവും വിശ്വാസവുമൊക്കെ വർദ്ധിപ്പിക്കാൻ റോപ് ഡാൻസ് സഹായിക്കും എന്നതാണ് എന്റെ അനുഭവം.
മിനിസ്ക്രീൻ പരമ്പരകളാണ് എന്നെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാക്കിയത്. സീരിയലുകളുടെ എണ്ണം വച്ച് നോക്കുമ്പോൾ ഞാൻ ചെയ്ത സിനിമകൾ വളരെ കുറവാണ്. ഹാപ്പി ജേർണി, അപ്പോത്തിക്കിരി, ആഴക്കടൽ അങ്ങനെ വളരെ കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. അതിലൊക്കെയും ചെറിയ വേഷങ്ങളായിരുന്നു. ആഴക്കടലിലെ വേഷമാണ് എടുത്ത് പറയേണ്ടുന്ന ഒന്ന്. കലാഭവൻ മണിച്ചേട്ടന്റെ പടമായിരുന്നു. അതിൽ മണിച്ചേട്ടന്റെ സഹോദരിയുടെ വേഷമായിരുന്നു.
മലയാളത്തിലെ പോലെതന്നെ തമിഴിലും ഒന്ന് രണ്ട് പരമ്പരകൾ ചെയ്തിരുന്നു. എന്റെ ആദ്യത്തെ പരമ്പരയുടെ നിർമ്മാതാക്കളായ ബാലാജി പ്രോഡക്ഷൻസിന് വേണ്ടി സൺ ടിവിയിൽ ഒരു പരമ്പര ചെയ്തിരുന്നു. ഏതാണ്ട് മൂന്ന് നാല് വർഷത്തോളം ആ പരമ്പര നീണ്ടുപോയിരുന്നു. അത് കഴിഞ്ഞ് 'കൊണ്ടേൻ കൊടുത്തേൻ" എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നു. അതും അവിടെ അത്യാവശ്യം ഓടിയ പടമായിരുന്നു. വളരെ കുറച്ചുമാത്രം സൗഹൃദങ്ങളുള്ള ആളാണ് ഞാൻ. വിരലിലെണ്ണാവുന്ന അത്രയും ആൾക്കാരമായേ എനിക്ക് അടുപ്പമുള്ളു. ഉള്ള സൗഹൃദങ്ങൾ വളരെ ഗാഢമായവയുമാണ്.
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
വളരെ തീവ്രമായി ആഗ്രഹിച്ചല്ല അഭിനയത്തിലേക്ക് എത്തിയതെന്ന് നേരത്തേ പറഞ്ഞല്ലോ. അതുകൊണ്ടു തന്നെ ഡ്രീം റോൾ എന്ന കാര്യമൊന്നും എന്നെ സംബന്ധിച്ച് ഇല്ല. അങ്ങനെയൊന്നും ആഗ്രഹിച്ചിട്ടുമില്ല. സ്വപ്ന വേഷം എന്നതിലുപരിയായി മികച്ച ഒരു നർത്തകി എന്ന പേരിൽ അറിയപ്പെടാനാണ് എനിക്ക് ആഗ്രഹവും ഇഷ്ടവും. എന്റെ കരിയറിൽ അടയാളപ്പെടുത്താവുന്ന കഥാപാത്രങ്ങളൊന്നും ഇതുവരെയും ചെയ്തിട്ടില്ല. കരിയറിന്റെ തുടക്കകാലത്ത് വളരെ പോസിറ്റീവ് ആയ വേഷങ്ങൾ മാത്രമാണ് ചെയ്തിരുന്നത്. എന്റെ മുഖം കണ്ടിട്ട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് പാവം മുഖമാണ്.
ആ മുഖം വച്ച് നെഗറ്റീവ് റോളൊന്നും പറ്റില്ല. ഒരു കാലഘട്ടം കഴിഞ്ഞപ്പോഴാണ് സ്ത്രീധനം എന്ന പരമ്പരയിലെ നെഗറ്റീവ് റോളിനായി എന്നെ വിളിക്കുന്നത്. അതുകഴിഞ്ഞ് വന്ന വേഷങ്ങളൊക്കെയും നെഗറ്റീവ് വേഷങ്ങളായിരുന്നു. അതിന് ശേഷമാണ് വെള്ളാനകളുടെ നാട് എന്ന പരമ്പരയിലൂടെ കോമഡി രംഗത്തേക്ക് എത്തുന്നത്. എന്നെ സംബന്ധിച്ച് അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രം കോമഡിയാണ്. അതിന് അസാമാന്യ ടൈമിംഗും ശബ്ദനിയന്ത്രണവുമൊക്കെ വേണം. മിക്കവാറും കോമഡിപരിപാടികൾക്ക് ഡബ്ബിംഗ് ഉണ്ടാവില്ല. നമ്മുടെ സ്വന്തം ശബ്ദം തന്നെ കൊടുക്കേണ്ടിവരും. എന്റെ ശബ്ദം ഒരിക്കലും കോമഡിക്ക് യോജിച്ചതല്ല.
അവിടെ വേണ്ടുന്ന ടൈമിംഗിനേയും ശബ്ദനിയന്ത്രണത്തെയും കുറിച്ചൊന്നും അറിയില്ലായിരുന്നു. ആ രീതിയിലേക്ക് എന്റെ ശബ്ദത്തിനെ മാറ്റിയെടുക്കാനും ചെറിയ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. വെള്ളാനകളുടെ നാട്ടിലെ സംവിധായകൻ കെ.വി .ശശികുമാർ സാറാണ് അത്തരം വേഷം ചെയ്യാനുള്ള ആത്മവിശ്വാസം പോലും തന്നത്. ആൾക്കാരെ ചിരിപ്പിക്കുകയും വേണം എന്നാൽ നമ്മൾ ചിരിക്കാനും പാടില്ല. അതിന് നല്ല നിയന്ത്രണം ഉണ്ടായാലേ പറ്റുള്ളൂ. 'കോമഡിസ്റ്റാർസിൽ" രണ്ട് തവണ പെർഫോം ചെയ്തിട്ടുണ്ട്. അവിടത്തെ പ്രധാന പ്രശ്നം അവരുടെ കോമഡി കണ്ട് അവർക്കൊപ്പം പെർഫോം ചെയ്യാൻ നിൽക്കുന്ന എന്റെ ചിരിയായിരുന്നു. എന്തെങ്കിലും ചെറിയ കാര്യങ്ങൾക്കു പോലും നിയന്ത്രണം വിട്ടു ചിരിക്കുന്ന ആളാണ് ഞാൻ. അപ്പോൾ കോമഡി സ്റ്റാർസ് വേദിയിലെ ചിരിയുടെ കാര്യം പറയുകയും വേണ്ടല്ലോ.
കുടുംബ വിശേഷം
ഞാനൊരു ആർട്ടിസ്റ്റായതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് എന്റെ പപ്പയാണ്. ഞാൻ ചെയ്തത് നന്നായിരുന്നു അല്ലെങ്കിൽ പോരാ എന്നൊന്നും പപ്പ പറയില്ല. പക്ഷേ എല്ലാ കാര്യങ്ങളിലും അച്ഛന്റേയും അമ്മയുടേയും പിന്തുണയുണ്ട്. ഞാൻ ചെയ്യുന്ന ജോലിയിൽ ഉപദേശം തരാനോ നിർദേശങ്ങൾ തരാനോ ഒരിക്കലും വീട്ടുകാർ ശ്രമിച്ചിട്ടില്ല. എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന കാര്യങ്ങളൊക്കെ തീർത്തും എന്റെ മാത്രം സ്വാതന്ത്ര്യമാണ്. അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന് പറയാതെ എങ്ങനെ ചെയ്യണം എന്ത് ചെയ്യണം എന്നതിനൊക്കെയും കൃത്യമായ മാതൃകകളാണ് അവർ കാട്ടിത്തന്നത്. ശരിക്കും പറഞ്ഞാൽ എന്റെ പപ്പയുടെ ജീവിതം തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അച്ഛനും അമ്മയും അനിയനും ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. ഭർത്താവ് ആന്റണി ബാംഗ്ലൂരിൽ അദ്ധ്യാപകനാണ്. പിന്നെ അനിയൻ നാഷണൽ ലെവൽ റെസ് ലറാണ്. ഇവരെല്ലാമടങ്ങുന്ന കുടുംബം തന്നെയാണ് എന്റെ പിന്തുണയും ശക്തിയും.