കൊച്ചി: പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകുന്നതടക്കം 18 വ്യവസ്ഥകൾ ശുപാർശ ചെയ്ത് പൊലീസ് ഇന്നലെ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകി. എന്നാൽ ഇതു പ്രായോഗികമാണോയെന്നും പള്ളിക്കു മുന്നിൽ എന്നും പൊലീസിന് കാവൽനിൽക്കാൻ കഴിയുമോയെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. രക്തച്ചൊരിച്ചിൽ ഒഴിവാക്കി സുപ്രീംകോടതി വിധി സമാധാനപരമായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പൊലീസും വ്യക്തമാക്കി.
കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നതടക്കമുള്ള ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. സുപ്രീംകോടതി വിധി പ്രകാരം സെന്റ് മേരീസ് പള്ളി വിട്ടുകിട്ടാൻ ഒാർത്തഡോക്സ് വിഭാഗവും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗവും നൽകിയ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായി. അതേസമയം സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും കേന്ദ്രസേനയെ നിയോഗിക്കണമെന്നും ഒാർത്തഡോക്സ് വിഭാഗത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
വിശ്വാസികളുടെ കണക്ക്
ഇടവകയിൽ ആകെ : 2519 കുടുംബ യൂണിറ്റുകൾ
പുരുഷന്മാർ : 3400
സ്ത്രീകൾ : 3200
കുട്ടികൾ : 2200
ആകെ : 8800
ഒാർത്തഡോക്സ് വിഭാഗം : 282 കുടുംബ യൂണിറ്റുകൾ
അംഗങ്ങൾ : 1500
യാക്കോബായ വിഭാഗം : 2237 കുടുംബ യൂണിറ്റുകൾ
അംഗങ്ങൾ : 7300
(പിറവം പൊലീസ് ഹൈക്കോടതിയിൽ നൽകിയ കണക്ക്)