കൊച്ചി : പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ പിറവം സി.ഐ കെ.എസ്. ജയൻ ഹൈക്കോടതിയിൽ 18 നിർദ്ദേശങ്ങളാണ് നൽകിയത്. പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
1934 ലെ മലങ്കര ചർച്ച് ഭരണഘടന അംഗീകരിക്കുന്നെന്ന് എഴുതി നൽകുന്നതിനൊപ്പം മേൽവിലാസം തെളിയിക്കുന്ന ആധാർ കാർഡിന്റെയോ വോട്ടേഴ്സ് ഐ.ഡി കാർഡിന്റെയോ പകർപ്പ് ഇടവകാംഗങ്ങൾ സ്റ്റേഷനിൽ ഹാജരാക്കണം.
ഇവർക്കു പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് പാസ് നൽകും.
മെത്രാപ്പൊലീത്ത, വികാരി, സഹായികൾ, ക്വയർ ഗ്രൂപ്പ് എന്നിവരുൾപ്പെടുന്ന സംഘം പത്തിൽ കൂടാൻ പാടില്ല.
പുരോഹിതനെയും ക്വയർ ഗ്രൂപ്പിനെയും ശുചീകരണ ജോലിക്കാരെയും ആരാധനയ്ക്ക് ഒരു മണിക്കൂർ മുമ്പ് പള്ളിയിൽ പ്രവേശിപ്പിക്കും
ഇടവകാംഗങ്ങൾക്കും വിശ്വാസികൾക്കും പ്രവേശനം ആരാധനയ്ക്ക് അരമണിക്കൂർ മുമ്പ് മാത്രം.
ഇടവകാംഗങ്ങളല്ലാത്ത വിശ്വാസികൾ മുൻകൂട്ടി പൊലീസിൽ നിന്ന് സ്പെഷ്യൽ പാസ് വാങ്ങണം.
പുരോഹിതനും ക്വയർ ഗ്രൂപ്പ് അംഗങ്ങളുമൊഴികെ ഉള്ളവരെ ആരാധനയ്ക്ക് ശേഷം 15 മിനിട്ടിലേറെ പള്ളിയിൽ തുടരാൻ അനുവദിക്കില്ല. പുരോഹിതനടക്കമുള്ളവർക്ക് തുടർ ചടങ്ങുകളില്ലെങ്കിൽ 30 മിനിട്ടിലേറെ പള്ളിയിൽ തുടരാനാവില്ല.
വലിയപള്ളിയിലും കാതോലിക്കേറ്റ് സെന്ററിലും സി.സി ടിവി കാമറകൾ സ്ഥാപിക്കണം. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതുവരെ ഇവ കൈകാര്യം ചെയ്യാൻ പൊലീസിനെ അനുവദിക്കണം.
പൊലീസ് സംരക്ഷണത്തിന്റെ ചെലവ് പള്ളി അധികൃതർ വഹിക്കണം.