priyanka-

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്ര ഉത്തർപ്രദേശിലെ കോൺഗ്രസ് ഘടകത്തിന്റെ (യു.പി.സി.സി) മുഴുവൻ ചുമതലയും ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. രാജ് ബബ്ബാറിന് പകരമാണ് പ്രിയങ്ക എത്തുന്നത്. ഇപ്പോൾ, കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്ക വഹിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ നവീകരണ പ്രക്രിയയിലും പ്രിയങ്ക മേൽനോട്ടം വഹിക്കും. പാർട്ടി നവീകരണത്തിനായി പ്രിയങ്ക യു.പിയിലെ പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും യോഗങ്ങൾ ചേർന്നിരുന്നു. ലക്നൗവിലും പ്രയാഗ് രാജിലും സന്ദർശനം നടത്താനും പ്രിയങ്കയ്ക്ക് പദ്ധതിയുണ്ട്.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലാണ് കിഴക്കൻ ഉത്തർപ്രദേശിന്റെ മേൽനോട്ട ചുമതല പ്രിയങ്കയെ പാർട്ടി ഏല്പിക്കുന്നത്. ജോതിരാദിത്യ സിന്ധ്യയാണ് പടിഞ്ഞാറൻ യു.പിയിലെ മേൽനോട്ട ചുമതല വഹിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങി. യു.പി.സി.സി കമ്മിറ്റിയിലും ഇത്തവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 40 വയസാണ് കമ്മിറ്റിയിൽ അംഗമാകാനുള്ള ശരാശരി പ്രായം. കൂടാതെ, കമ്മിറ്റിയിൽ കൂടുതൽ ചെറുപ്പക്കാരെ ഉൾക്കൊള്ളിക്കാനും തീരുമാനിച്ചിട്ടുണ്ട്. അംഗബലവും കഴിഞ്ഞ കമ്മിറ്റിയെക്കാൾ പത്തിലൊന്നായി കുറയ്ക്കും. യു.പിയിൽ നേരിട്ട പരാജയത്തിന് പിന്നാലെ കോൺഗ്രസിന്റെ ജില്ലാ - ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിട്ട കോൺഗ്രസ് മൂന്നംഗ അച്ചടക്ക സമിതിക്ക് രൂപം നൽകുകയും ചെയ്തിരുന്നു.

 ലക്ഷ്യം 2022

2022ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രിയങ്കയിലൂടെ കോൺഗ്രസ് ലക്ഷ്യവയ്ക്കുന്നത്. പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യവും മുതിർന്ന നേതാക്കൾ മുന്നോട്ടുവച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റിൽ ഒരു സീറ്റിൽ മാത്രമായിരുന്നു കോൺഗ്രസിന് ജയം. സോണിയാ ഗാന്ധി വിജയിച്ച റായ്ബറേലിയായിരുന്നു അത്. 2022ലെ നിയമസഭ തിരഞ്ഞെടുപ്പാണ് ഇനി പാർട്ടിയുടെ ലക്ഷ്യമെന്നും എല്ലാ ജില്ലകളിലും ഒരു വനിതാ നേതാവിനെ വൈസ് പ്രസിഡന്റാക്കുമെന്നും പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കൂടാതെ, ദളിത്-മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ട പ്രവർത്തകർക്കും കൂടുതൽ അവസരങ്ങൾ നൽകും. ഒരു വർഷത്തിനുള്ളിൽ അംഗസംഖ്യ ഒരു കോടിയായി വർദ്ധിപ്പിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.