news

1. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍, ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന്റെ വാഹനം ഇടിച്ച് മരണപ്പെട്ട കേസില്‍ പൊലീസ് അട്ടിമറി പുറത്ത്. മ്യൂസിയം റോഡ്, രാജ്ഭവന്‍ ഭാഗങ്ങളില്‍ പൊലീസിന്റെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന ക്ഷമം എന്നും അപകടം നടന്ന ദിവസം ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും വിവരാവകാശ രേഖ. ഇതോടെ പൊളിയുന്നത്, അപകട സമയത്ത് ക്യാമറകള്‍ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ല എന്ന പൊലീസ് വാദം. ഓഗസ്റ്റ് രണ്ടിനാണ് അപകടം മ്യൂസിയം ഭാഗത്ത് നടന്നത്. രണ്ടാം തീയ്യതി തന്നെ സമര്‍പ്പിക്കപ്പെട്ട ഒരു വിവരാ അവകാശത്തിന് ലഭിച്ച മറുപടിയിലാണ് പൊലീസിന്റെ വാദങ്ങള്‍ പൊളിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ഉള്ളത്.
2. തലസ്ഥാന നഗരിയില്‍ ആകെ 233 ക്യാമറകള്‍ ഉള്ളതില്‍ 144 ക്യാമറകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. മ്യൂസിയത്തെയും രാജ്ഭവന്‍ സമീപത്തെയും ക്യാമറകളും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. അതിനാല്‍, അപകടത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ആ ക്യാമറയില്‍ ഉണ്ട് എന്നാണ് വിവരം. സി.സി.ടി.വി ക്യാമറയില്‍ നിന്ന് കൃത്യമായി വിവരങ്ങള്‍ ശേഖരിച്ചില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ആണ് പുറത്ത് വരുന്നത്. അന്ന് കമ്മിഷ്ണറുടെ ചുമതല ഉണ്ടായിരുന്ന സഞ്ജയ് കുമാര്‍ ഉള്‍പ്പെടെ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ് എന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. മ്യൂസിയത്തിന് സമീപത്തും രാജ്ഭവന് മുന്നിലും ആകെ ആറ് ക്യാമറകള്‍ പ്രവര്‍ത്തിച്ചു എന്നാണ് രേഖകളില്‍ പറയുന്നത്.
3.ടൈറ്റാനിയം അഴമതിക്കസേിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്റെ നിലപാട്, വിജിലന്‍സ് ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ വ്യവസായ മന്ത്രി ഇബ്രാഹീം കുഞ്ഞ് എന്നിവര്‍ ആരോപണ വിധേയര്‍ ആണ്. മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ വാങ്ങിയതിലാണ് അഴിമതി നടന്നത്. ഉപകരണങ്ങള്‍ വാങ്ങിയതില്‍ 80 കോടി നഷ്ടം സംഭവിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസില്‍ പ്രതി ചേര്‍ത്തത് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പേരെ.
4. സര്‍ക്കാര്‍ തീരുമാനത്തില്‍ സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്ത് ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ തീരുമാനം നടക്കട്ടെ. തകരാര്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തണം. തീരുമാനം, രാഷ്ട്രീയ പകപോക്കല്‍ ആയി കാണുന്നില്ല എന്നും ഉമ്മന്‍ചാണ്ടി. മറ്റ് പല കേസുകളിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സി.ബി.ഐ അന്വേഷണം വേട്ടയാടല്‍ അല്ല എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സ് അന്വേഷണത്തിന് പരിമിതികള്‍ ഉണ്ട്. അതുകൊണ്ടാണ് കേസ് സി.ബി.ഐയ്ക്ക് വിടുന്നത്. അന്തര്‍ സംസ്ഥാന, വിദേശ ബന്ധങ്ങള്‍ കേസുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.


5. പ്രളയ ബാധിത മേഖലകളിലെ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടി. ഇന്ന് ചേര്‍ന്ന ബാങ്കേഴ്സ് സമിതി യോഗം കാലാവധി നീട്ടിയത് ഒരു വര്‍ഷത്തേക്ക്. ആനുകൂല്യം ലഭിക്കുക, 1038 വില്ലേജുകള്‍ക്ക്. ഓഗസ്റ്റ് 23 മുതല്‍ മൊറട്ടോറിയം നീട്ടാന്‍ ആണ് എസ്.എല്‍.ബി.സിയുടെ തീരുമാനം. അതേസമയം, 50 ശതമാനത്തിന് മുകളില്‍ ഭൂമി നഷ്ട്‌പ്പെട്ടവര്‍ക്ക് മൊറട്ടോറിയം നല്‍കുന്നതും പരിഗണനയില്‍. കൃഷി നാശം സംഭവിച്ചവര്‍ക്കും മൊറട്ടോറിയം നീട്ടുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു.
6. എറണാകുളം മൂത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ ഉപരോധ സമരത്തില്‍ സംഘര്‍ഷം. തര്‍ക്കം തുടങ്ങിയത്, മുത്തൂറ്റിന്റെ ഹെഡ് ഓഫീസില്‍ ജോലിക്ക് എത്തിയ ജീവനക്കാരെ സമരാ അനുകൂലികള്‍ ആയ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തടഞ്ഞതോടെ. സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ല എന്ന നിലപാടില്‍ ആണ് സി.ഐ.ടി.യു. എന്നാല്‍, സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണം എന്നതാണ് ജീവനക്കാരുടെ ആവശ്യം. തുടര്‍ന്ന് തങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കണം എന്നും സംരക്ഷണം ഒരുക്കണം എന്നും ആവശ്യപ്പെട്ട് അമ്പതോളം വരുന്ന ജീവനക്കാര്‍ പൊലീസ് കമ്മീഷ്ണറെ സമീപിച്ചു.
7. അതേസമയം, ഹെഡ് ഓഫീസിലെ മുഴുവന്‍ ജീവനാക്കാരും സമരത്തിന് എതിരാണെന്നും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ പിന്തുണയില്ലാതെ പുറത്തു നിന്നുള്ള ആളുകളാണ് സമരം നടത്തുന്നതെന്നും മുത്തൂറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ പറഞ്ഞു.
8. ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 14 ദിവസമായി മുത്തൂറ്റിനെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. ഹെഡ് ഓഫീസ് ഉപരോധിക്കാന്‍ ഉള്ള സി.ഐ.ടി.യു തീരുമാനം,സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി. സമരം അവസാനിപ്പിച്ച് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ മുത്തൂറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്ന് മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
9. പാകിസ്ഥാന്‍ ഒരിക്കലും ഇന്ത്യയുമായി യുദ്ധത്തിന് തുടക്കം ഇടില്ലെന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനും ഇന്ത്യയും ആണവ ശക്തികളാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച് യുദ്ധത്തിലേക്ക് പോയാല്‍ ലോകത്തിന് ആകെ അത് ദോഷം ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍. പ്രതികരണം, കാശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും ആയി യുദ്ധസമാന സാഹചര്യം നില നില്‍ക്കവെ. യുദ്ധം ഒന്നിനും പരിഹാരം അല്ലെന്നും കൂട്ടിച്ചേര്‍ക്കല്‍
10. ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ പാകിസ്ഥാന്റെ കൈവശം ഉണ്ടെന്ന അവകാശ വാദവും ആയി പാക് റയില്‍വെ മന്ത്രി റാഷിദ് അഹമ്മദ് ഇന്നലെ രംഗത്ത് എത്തിയിരുന്നു. പാകിസ്ഥാന്‍ ഈ ആണവ ബോംബ് വര്‍ഷിച്ചാല്‍ ഇന്ത്യയെ 22 കഷ്ണങ്ങളാക്കി മാറ്റാം എന്നും അവകാശവാദം ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ ഏത് പ്രദേശത്തെയും ലക്ഷ്യം വയ്ക്കാനും തകര്‍ക്കാനും ശേഷിയുള്ള 125 മുതല്‍ 250 ഗ്രാം ആറ്റം ബോംബുകള്‍ പാക്കിസ്ഥാന്റെ കൈയ്യിലുണ്ട് എന്ന് ഓര്‍ക്കണം എന്നും പാക് മന്ത്രി പറഞ്ഞിരുന്നു