കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ ഒാണാശംസയെ പരിഹസിച്ച യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർക്കെതിരെ ട്രോളുമായി സോഷ്യൽ മീഡിയ. ഓണത്തെ വരവേൽക്കാനൊരുങ്ങുന്ന കൊച്ചുകൂട്ടുകാർക്കൊരു സന്ദേശം എന്ന കുറിപ്പോടെയുള്ള ആശംസയിലാണ് പരിഹാസവുമായി സെക്രട്ടറി സന്ദീപ് എത്തിയത്. വിദ്യാഭ്യാസ മന്ത്രിയുടെ ഒാണ സന്ദേശം കുട്ടികൾക്ക് മനസിലാകില്ലെന്നാണ് സന്ദീപ് കുറിച്ചത്.
വിദ്യാഭ്യാസമന്ത്രിയുടെ ഓണസന്ദേശം ആണ്. കേൾക്കുന്ന ഒരു കുട്ടിക്കും ഒന്നും മനസ്സിലാകരുത് എന്ന് നിർബന്ധം ഉള്ള ആളാണ് വിദ്യാഭ്യാസ മന്ത്രി- എന്നായിരുന്നു സന്ദീപിന്റെ ട്വീറ്റ്. എന്നാൽ അത് കുട്ടികൾക്ക് മനസിലാകുമെന്നും സ്കൂളിൽ പോകാതെ ശാഖയിൽ പോയാൽ ഇങ്ങനെയൊക്കെ തോന്നുമെന്നാണ് സോഷ്യൽ മീഡിയയിൽ സന്ദീപിനുള്ള മറുപടി. മലയാളം മാത്രമാണ് മന്ത്രി പറഞ്ഞത്, ശാഖയിൽ പോവുന്നതിന് പകരം സൗജന്യ സാക്ഷരത ക്ലാസുകളിൽ പോകണമെന്നും ചിലർ സന്ദീപിനെ ഉപദേശിച്ചു.
അത്തം മുതൽ വൃത്താകൃതിയിലിടുന്ന പൂക്കളം തുടർന്ന് വലിയ വൃത്തങ്ങളായി വളരും. ഇത് ദ്വിമാനത്തിൽ മനസ് വളരേണ്ടതിന്റെ പ്രതീകാത്മക രൂപഭാവമാണ്. ഒടുവിൽ തിരുവോണ ദിവസം തൃക്കാക്കരയപ്പനിലൂടെ പൂക്കുന്നിലൂടെയും മനസ്സ് ദ്വിമാനത്തിൽനിന്ന് ത്രിമാനത്തിലേക്ക് വളരുന്നതായിട്ടാണ് സങ്കൽപ്പിക്കുന്നത്. ദ്വിമാനത്തിൽ നിന്ന് ത്രിമാനത്തിലേക്കുള്ള മനസ്സിന്റെ വളർച്ചയുടെ പ്രതീകാത്മക രൂപം കൂടിയാണിത്. ഈ ദിശയിലുള്ള മനസ്സിന്റെ വളർച്ചയുടെ കൊടുമുടിയിലാണ് മാനുഷരെല്ലാം ഒന്നുപോലെ എന്ന മതനിരപേക്ഷ സംസ്‌കാരമുണ്ടാവുന്നതെന്നും മന്ത്രി സന്ദേശത്തിൽ പറയുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ ഓണസന്ദേശം ആണ്. കേൾക്കുന്ന ഒരു കുട്ടിക്കും ഒന്നും മനസ്സിലാകരുത് എന്ന് നിർബന്ധം ഉള്ള ആളാണ് വിദ്യാഭ്യാസ മന്ത്രി. pic.twitter.com/CwOpZgdbUz
— SANDEEP. G. VARIER (@sandeepvarier) September 2, 2019