ന്യൂഡൽഹി: 91കാരനായ റിട്ട. സർക്കാരുദ്യോഗസ്ഥനെ കൊലപ്പെടുത്തി ഫ്രിഡ്ജിലൊളിപ്പിച്ച സംഭവത്തിൽ വീട്ടുജോലിക്കാരനടക്കം അഞ്ചുപേർ അറസ്റ്റിൽ. തെക്കൻ ഡൽഹിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. യു.എന്നിൽ ജീവനക്കാരനായിരുന്ന കൃഷ്ണ ഘോസ‌്ലയാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരനായ കിഷാനാണ് കേസിലെ മുഖ്യപ്രതി.
ശനിയാഴ്ച ഒരു ടെമ്പോയിൽ നാലുപേരോടൊപ്പം ഘോസ്‌ലയുടെ വീട്ടിലെത്തിയ കിഷൻ ചായയിൽ മയക്കുമരുന്നു കലർത്തി കൃഷ്ണയ്ക്കും ഭാര്യ 87കാരിയായ സരോജ് ഘോസ്‌ലയ്ക്കും നൽകുകയായിരുന്നു. അബോധാവസ്ഥയിലായ കൃഷ്ണയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം മൃതദേഹം ഫ്രിഡ്ജിനുള്ളിലാക്കി. തുടർന്ന് വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും കവർന്ന് ടെംപോയിൽ ഫ്രിഡ്ജുമായി കടന്നു. സെക്യൂരിറ്റി ജീവനക്കാർ ചോദിച്ചപ്പോൾ ഫ്രിഡ്ജ് നന്നാക്കാൻ കൊണ്ടുപോകുകയാണെന്നാണു പറഞ്ഞത്. പിറ്റേന്ന് ബോധം തെളിഞ്ഞപ്പോഴാണു ഭർത്താവിനെ കാണാനില്ലെന്ന കാര്യം സരോജ് അറിഞ്ഞത്. ഉടനേ അവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
കൂടാതെ ഫ്രിഡ്ജും ആഭരണങ്ങളും കാണാനില്ലായിരുന്നു. ഉടനേ അവർ വിവരം പൊലീസിനെ അറിയിച്ചു. മൂന്നു ലക്ഷം രൂപയാണു വീട്ടിൽനിന്നു നഷ്ടപ്പെട്ടത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിഷൻ കുടുങ്ങിയത്. കൃഷ്ണന്റെ മൃതദേഹം സംഗം വിഹാറിലുള്ള ഒരു വീട്ടിലേക്കു കൊണ്ടുപോയി ആറടി ആഴമുള്ള കുഴിയിൽ മൂടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു.
കൃഷ്ണ തന്നോട് പലതവണ മോശമായി പെരുമാറിയിട്ടുണ്ടെന്ന പേരിലാണ് കിഷൻ കൊലപാതകത്തിന് പദ്ധതിയിട്ടത്. ഒന്നരമാസം മുമ്പ് തന്നെ കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയതായി കിഷൻ പൊലീസിനോട് സമ്മതിച്ചു.