കൊൽക്കൊത്ത: ഗാർഹിക പീഡന കുറ്റത്തിന് തന്റെ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച കോടതിക്ക് നന്ദി പറഞ്ഞ് ഭാര്യ ഹസിൻ ജഹാൻ. തന്നെ ഭർത്താവ് തന്നെ പീഡിപ്പിക്കുന്നു എന്ന് കാണിച്ച് ഹസിൻ കഴിഞ്ഞ വർഷം നൽകിയ പരാതിയിലാണ് കൊൽക്കത്തയിലെ അലിപ്പോർ കോടതി ഇപ്പോൾ ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. മുഹമ്മദ് ഷമിക്ക് കീഴടങ്ങാൻ കോടതി 15 ദിവസം അനുവദിച്ചിട്ടുണ്ട്. ഷമിയുടെ സഹോദരൻ ഹാസിദ് അഹ്മദിനെതിരെയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
'എനിക്ക് നീതിന്യായ വ്യവസ്ഥിതിയോട് നന്ദിയുണ്ട്. നീതിക്ക് വേണ്ടിയുള്ള എന്റെ പോരാട്ടം തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷം ആയിരിക്കുകയാണ്. നിങ്ങൾക്കെല്ലാം അറിയാമല്ലോ, താൻ വലിയ ശക്തനും അധികാരമുള്ളവനും ആണെന്നാണ് മുഹമ്മദ് ഷമി കരുതുന്നത്. വലിയ ക്രിക്കറ്റർ ആണെന്നാണ് അയാളുടെ ഭാവം. ഞാൻ ബംഗാളിൽ ഇല്ലായിരുന്നുവെങ്കിൽ, മമത ബാനർജി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അല്ലായിരുന്നുവെങ്കിൽ എനിക്കിവിടെ സുരക്ഷിതമായി ജീവിക്കാൻ കഴിയില്ലായിരുന്നു. ഉത്തർ പ്രദേശ്(അമ്രോഹ) പൊലീസ് എന്നെയും മകളെയും വല്ലാതെ ഉപദ്രവിക്കാൻ ശ്രമിച്ചു. ദൈവത്തിന്റെ കൃപ കൊണ്ട് അവർ വിജയിച്ചില്ല ' ഹസിൻ ജഹാൻ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ഷമിയുടെ പരസ്ത്രീ ബന്ധങ്ങളെ കുറിച്ചും താൻ നേരിട്ട പീഡനങ്ങളെ കുറിച്ചും ഹസിൻ ജഹാൻ ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. ഭർത്താവിൽ നിന്നും അയാളുടെ കുടുംബാംഗങ്ങളിൽ നിന്നും താൻ നേരിട്ട പീഡനങ്ങൾ വെളിപ്പെടുത്തിയ ഹസിൻ ഭർത്താവിന്റെ മറ്റ് ബന്ധങ്ങളെ കുറിച്ചുള്ള തെളിവുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഷമി നിരവധി സ്ത്രീകളുമായി കൈമാറിയ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളാണ് ഹസിൻ പോസ്റ്റ് ചെയ്തത്. എന്നാൽ തന്നെ മനപ്പൂർവം കരിവാരി തേക്കാൻ ഭാര്യ നടത്തുന്ന ശ്രമങ്ങളാണിതെന്നാണ് ഷമി പ്രതികരിച്ചത്.