ഇസ്ലാമാബാദ്: കാശ്മീർ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ അവതരിപ്പിക്കാനുള്ള പാക് നീക്കത്തിന് കനത്ത തിരിച്ചടി. കാശ്മീരിൽ വംശഹത്യ നടന്നുവെന്ന പാക് വാദത്തെ തെളിവുകൾ കൊണ്ട് സമർത്ഥിക്കുക എളുപ്പമാകില്ലെന്ന് അന്താരാഷ്ട്ര കോടതിയിലെ പാകിസ്ഥാന്റെ അഭിഭാഷകൻ ഖവർ ഖുറേഷിയാണ് വ്യക്തമാക്കിയത്. ഒരു സ്വകാര്യ പാക് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഖുറേഷി നിലപാടു വ്യക്തമാക്കിയത്.
''1948ലെ വംശഹത്യാ ഉടമ്പടിപ്രകാരം പാകിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാവുന്നതാണ്. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെയുള്ള തെക്കേഷ്യൻ രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പിട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു രാജ്യം, വംശഹത്യ നടത്തുകയോ, അതിന് കൂട്ടുനിൽക്കുകയോ ചെയ്താൽ, അതിനെതിരെ കോടതിയെ സമീപിക്കാം. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പാകിസ്ഥാന് കാശ്മീർ വിഷയം കോടതിയിൽ തെളിയിക്കുക എളുപ്പമല്ല. " ഖുറേഷി പറഞ്ഞു.
ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ വലിയതോതിലുള്ള പ്രതികാര നടപടികളുമായി പാകിസ്ഥാൻ നീങ്ങുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ. യു.എൻ രക്ഷാസമിതിയിലും കാശ്മീർ വിഷയം പാകിസ്ഥാൻ ഉന്നയിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ചൈനയൊഴികെയുള്ള രക്ഷാസമിതിയിലെ അംഗങ്ങളെല്ലാംതന്നെ, കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാടിനൊപ്പമായിരുന്നു. അതേസമയം, ഈ മാസം യു.എൻ പൊതുസഭയിലും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കാശ്മീർ വിഷയം ഉന്നയിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കാശ്മീർ വിഷയം അന്താരാഷ്ട്രവിഷയമാക്കി അവതരിപ്പിക്കാൻ പാകിസ്ഥാൻ നേരത്തെയും നീക്കങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി, അബുദാബി ഭരണാധികാരി മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ, സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവരെ ഇമ്രാൻ സമീപിച്ചിരുന്നു. എന്നാൽ, ഫലമുണ്ടായിരുന്നില്ല. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോടും ഇമ്രാൻ പിന്തുണ തേടിയിരുന്നു.
മദ്ധ്യസ്ഥത വഹിക്കാൻ തയാറാണെന്നു ട്രംപ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ജി–8 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയ്ക്കിടെ കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യൻ നിലപാട് ട്രംപ് അംഗീകരിക്കുകയായിരുന്നു.
നിയന്ത്രണങ്ങൾ നീക്കും
15 ദിവസത്തിനകം ജമ്മു കാശ്മീരിൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം. ആഭ്യന്തരമന്ത്രി അമിത് ഷാംയും കാശ്മീരിൽ നിന്നുള്ള ഗ്രാമമുഖ്യന്മാരുൾപ്പെടെയുള്ള സംഘവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഗ്രാമമുഖ്യന്മാർക്കും പഞ്ചായത്ത് അംഗങ്ങൾക്കും രണ്ടുലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായാണ് റിപ്പോർട്ട്.
ഖവർ ഖുറേഷി, പാകിസ്ഥാന്റെ തുറുപ്പുചീട്ട്
ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച കേസിൽ, പാകിസ്ഥാന് വേണ്ടി നെതർലാൻഡ്‌സിലെ ഹേഗിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരായ അഭിഭാഷകനാണ് ഖവർ ഖുറേഷി. എതിരാളി ഇന്ത്യയുടെ ഹരീഷ് സാൽവ. ഇന്ന് ഇന്ത്യയിൽ കോൺസ്റ്റിട്യൂഷനൽ, ടാക്സേഷൻ, കമേഴ്‌സ്യൽ നിയമങ്ങളിൽ അറിവുള്ള പകരംവയ്ക്കാനാളില്ലാത്ത അഭിഭാഷകനാണ് സാൽവെ.
എന്നാൽ, ചില്ലറക്കാരനല്ല ഖുറേഷി, ലണ്ടനിലെ കേംബ്രിഡ്‌ജ് സർവകലാശാലയിൽ നിന്നും എൽ.എൽ.എം ബിരുദം നേടിയ ക്വീൻസ് കൗൺസൽ ആണ് അദ്ദേഹം.