കൊച്ചി: നഗരഹൃദയത്തിലെ പുതിയ പാതയിലൂടെ മെട്രോയുടെ മൂന്നാം കുതിപ്പ്. മഹാരാജാസ് കോളേജ് മുതൽ തൈക്കൂടം വരെയുള്ള മെട്രോ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പേട്ടയിൽ നിന്ന് തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്ഷനിലേക്കുള്ള മെട്രോ പാതയുടേയും വാട്ടർ മെട്രോയുടെ ആദ്യ ടെർമിനലിന്റെയും നിർമ്മാണോദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇന്നു മുതലാണ് യാത്രക്കാർക്കുള്ള സർവീസ്. ഇതോടെ മെട്രോയുടെ യാത്രാദൈർഘ്യം 23.5 കിലോമീറ്ററായി.
സംസ്ഥാനത്ത് പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയപാത, ദേശിയ ജലപാത, തീരദേശ- മലയോര ഹൈവേ തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വർഷം ദേശിയ ജലപാത പൂർത്തിയാക്കും. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയും വിധത്തിലുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാലാരിവട്ടം ഫ്ളൈഓവർ നിർമ്മാണത്തിൽ നടന്നതു പോലെയുള്ള വീഴ്ചകൾ ഒരുവിധത്തിലും അനുവദിക്കില്ല. അത്തരം പിഴവുകളിൽ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.
മെട്രോയുടെ പുതിയ റൂട്ടിൽ ഓരോ ഏഴു മിനിട്ടിലും ട്രെയിൻ ഓടിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.മെട്രോയുടെ ഒന്നാംഘട്ടം ആലുവ മുതൽ പേട്ട വരെയാണ്. നാലു ഭാഗങ്ങളായാണ് ഒന്നാംഘട്ടം. ആദ്യഘട്ടത്തിൽ പാലാരിവട്ടം വരെ സർവീസ് ആരംഭിച്ചു. പിന്നീട് മഹാരാജാസ് വരെ നീട്ടി. തൈക്കൂടത്തേക്ക് മൂന്നാം ഭാഗമായി സർവീസ് ആരംഭിച്ചു. ഈ വർഷം അവസാനത്തോടെ പേട്ടയിലേക്കു കൂടി മെട്രോ എത്തുന്നതോടെ ഒന്നാംഘട്ടം പൂർത്തിയാകും.
എസ്.എൻ.ജംഗ്ഷനിലേക്കുള്ള പാതനിർമാണം 24 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാട്ടർ മെട്രോ അടുത്ത വർഷം മാർച്ചിൽ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ആദ്യ നഗര ജലഗതാഗത മെട്രോയായി കൊച്ചി മാറും.കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നചടങ്ങിൽ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ്‌സിംഗ് പുരി അദ്ധ്യക്ഷനായിരുന്നു. നഗരകാര്യ വകുപ്പ് സെക്രട്ടറിയും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ചെയർമാനുമായ ദുർഗ്ഗ ശങ്കർ മിശ്ര,, കൊച്ചി മെട്രോ പ്രിൻസിപ്പൽ അഡ്വൈസർ ഇ. ശ്രീധരൻ, ഹൈബി ഈഡൻ എം പി, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, എംഎൽഎമാരായ ജോൺ ഫെർണാണ്ടസ്, പി.ടി.തോമസ്, എം.സ്വരാജ്, ചീഫ് സെക്രട്ടറി ടോം ജോസ്, മുൻ എം.പിമാരായ കെ.വി.തോമസ്, പി.രാജീവ്, ജില്ലാ കളക്ടർ എസ്.സുഹാസ്, മേയർ സൗമിനി ജെയിൻ, എം.ഡി എ .പി .എം മുഹമ്മദ് ഹനീഷ് എന്നിവർ സംസാരിച്ചു.