മുംബയ്: കാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് പുതിയ നീക്കവുമായി ബി.ജെ.പി സർക്കാർ. മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാറാണ് കാശ്മീരിലെ ഭൂപ്രദേശം സ്വന്തമാക്കാനൊരുങ്ങുന്നത്. കാശ്മീരിൽ രണ്ടിടത്ത് റിസോർട്ടുകൾ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ആർട്ടിക്കിൽ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിൽ സ്വന്തമായി ഭൂമി വാങ്ങാൻ പുറത്തുള്ളവർക്കുള്ള തടസങ്ങൾ മാറിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരിന്റെ പുതുയ തീരുമാനം.
കാശ്മിരിൽ രണ്ട് റിസോർട്ടുകൾ സ്ഥാപിക്കാനാണ് മഹാരാഷ്ട്ര ടൂറിസം വികസന കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. കശ്മീർ താഴ്‌വരയിലെ പഹൽഗാമിലും ലഡാക്കിലെ ലേയിലുമാണ് റിസോർട്ടുകൾ സ്ഥാപിക്കുന്നത്. അമർനാഥ് തീർഥാടകരെയും വൈഷ്‌ണോ ദേവി ക്ഷേത്ര തീർഥാടകരെയും ലക്ഷ്യമിട്ടാണിത്. ഇതിനുള്ള നടപടികൾ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ കാശ്മീരിന്റെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് മറ്റ് സർക്കാർ നടപടികളിലേക്ക് നീങ്ങുക.
സർക്കാർ ഇതുവരെ സ്ഥലം കണ്ടെത്തിയിട്ടില്ല.15 ദിവസത്തിനകം ഭൂമി സർവ്വെ നടത്തും. രണ്ട് റിസോർട്ടുകളുമായി ഒരു കോടി രൂപ മഹാരാഷ്ട്ര സർക്കാൻ അനുവദിച്ചിട്ടുണ്ട്. മാത്രമല്ല വിമാനത്താവളം അടുത്തുള്ള ശ്രീനഗറിലും സ്ഥലം വാങ്ങാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നുണ്ടെന്നും ടൂറിസം മന്ത്രി ജയ്കുമാർ റാവൽ പറഞ്ഞു.