ന്യൂയോർക്ക്: ഹാരി പോട്ടറെന്ന് കേട്ടാലെ ക്രിസ്ത്യൻ സ്കൂൾ പുരോഹിതനായ റവ. ഡാൻ റീഹിലിന് ഇപ്പോൾ ഭയമാണ്. ലോകപ്രശസ്ത പുസ്തക പരമ്പരയായ ഹാരിപോട്ടർ വായിച്ചാൽ വായനക്കാരെ ദുരാത്മാക്കൾ സ്വാധീനിക്കുമെന്ന ഭയത്താൽ അമേരിക്കയിലെ ടെന്നസിയിലെ സെന്റ് എഡ്വാർഡ് കാത്തലിക് സ്കൂളിലെ ലൈബ്രറിയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സ്കൂൾ അധികൃതർ പ്രസ്തുത പുസ്തകങ്ങൾ നീക്കം ചെയ്തിരിക്കുന്നത്. ജെ.കെ റൗളിംഗ് എഴുതിയ മന്ത്രവാദത്തെക്കുറിച്ചുള്ള കഥാപുസ്തക പരമ്പരയായ ഹാരിപോട്ടറിൽ ഉപയോഗിച്ചിരിക്കുന്ന ശാപങ്ങളും മന്ത്രങ്ങളും യഥാർത്ഥത്തിൽ ഉള്ളതാണെന്നും വായനക്കാരൻ ഈ പുസ്തങ്ങൾ വായിക്കുമ്പോൾ ദുരാത്മക്കളുടെ സാന്നിദ്ധ്യമുണ്ടാകാൻ ഇടയുണ്ടെന്ന വിചിത്ര വാദമാണ് പുരോഹിതന്റേത്. ക്ഷുദ്രോച്ചാടകരുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും റീഹിൽ പറയുന്നു.
റീഹിലിന്റെ തീരുമാനമാണ് സ്കൂളിൽ അവസാനവാക്കെന്ന് നാഷവില്ലെയിലെ കാത്തലിക് രൂപത സൂപ്രണ്ട് റെബേക്ക ഹാമിൽ പറഞ്ഞു. എന്നാൽ, രൂപതയിലെ മറ്റ് വായനശാലകളിൽ ജെ.കെ റൗളിംഗിന്റെ പുസ്തകങ്ങൾ ഇപ്പോഴുമുണ്ടെന്നും അവർ പറഞ്ഞു. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് പരിഭാഷ നടത്തിയിട്ടുള്ളതും വിറ്റഴിക്കപ്പെടുകയും ചെയ്തിട്ടുള്ള പുസ്തക പരമ്പരയായ ഹാരിപോട്ടറിന് ഇന്നും ലോകമെമ്പാടും ആരാധകരുണ്ട്. ആകെ ഏഴ് പുസ്തകങ്ങളാണ് ഹാരിപോട്ടർ പരമ്പരയിൽ ഉള്ളത്. ഇവയെ ആധാരമാക്കി നിർമ്മിച്ച എട്ട് ഹാരിപോട്ടർ ചിത്രങ്ങളും വൻ വിജയമായിരുന്നു.