നിരനിരയായി ഹിറ്റുകൾ സൃഷ്ടിച്ച് മുന്നോട്ട് കുതിക്കുകയാണ് മലയാളത്തിന്റെ പുത്തൻ താരോദയം ടോവിനോ തോമസ്. ഉയരങ്ങളിലേക്ക് നടന്നുകയറുമ്പോഴും തന്റെയൊപ്പം ഉണ്ടായിരുന്ന ആരാധകരെ ഈ നടൻ ഒപ്പം കൂട്ടാറുണ്ട്. അവരുടെ മേൽ സ്നേഹവും കരുതലും ടോവിനോ വാരിച്ചൊരിയാറുമുണ്ട്. താരത്തിന്റെ ഈ സ്‌നേഹം നിറഞ്ഞ പെരുമാറ്റം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
തനിക്കു വേണ്ടി മഴയത്ത് കാത്തിരുന്ന ആരാധകർക്ക് നന്ദി അറിയിക്കുന്ന ടോവിനോയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു ഷോപ്പിംഗ് സെന്റർ ഉത്ഘാടനം ചെയ്യാൻ എത്തിയ ടോവിനോയെ മഴയിൽ നനഞ്ഞു കുതിർന്നുകൊണ്ടാണ് ആരാധകർ വരവേറ്റത്. മഴ നനഞ്ഞ് തന്നെ സ്റ്റേജിലേക്ക് കയറിയ കയറിയ ടോവിനോ തനിക്ക് കുടയുമായെത്തിയ ആളെ തടയുകയും ചെയ്തു. ആരാധകർ മഴ നനഞ്ഞ് നിൽക്കുമ്പോൾ തനിക്ക് എന്തിനാണ് കുട എന്നാണ് ടോവിനോ പറഞ്ഞത്.
'മഴ വന്നപ്പോൾ എല്ലാവരും പോയികാണും എന്നാണ് കരുതിയത്. പക്ഷേ ഈ സ്‌നേഹം ഭയങ്കരമായ സന്തോഷമാണ് തരുന്നത്. നിങ്ങൾ മഴ കൊള്ളുമ്പോൾ എനിക്കെന്തിനാണ് കുട?ഒരു മഴ കൊണ്ടതുകൊണ്ട് നമ്മൾക്ക് ഒന്നും വരാൻ പോവുന്നില്ല, അല്ലേ? വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്? രസമല്ലേ? മഴയത്ത് എന്നെ കാത്തിരുന്നതിന് നന്ദി'ടോവിനോ തന്റെ ആരാധകരോടായി പറഞ്ഞു.