തിരുച്ചി: മാനസിക വെല്ലുവിളി നേരിടുന്ന 14 വയസുകാരിയെ നാലംഗ സംഘം പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി ആരോപണം. ഡി.എം.കെ നേതാവ് ഉൾപ്പടെയുള്ള നാല് പേർ ചേർന്ന് പീഡിപ്പിച്ച പെൺകുട്ടി ഇപ്പോൾ നാലര മാസം ഗർഭിണിയാണ്. സംഭവത്തിൽ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പി. സെൽവരാജ്, ടി. സെൽവരാജ്, മുത്തു, രാം രാജ് എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.കഴിഞ്ഞ ഏഴ് മാസമായി ഇവർ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഇക്കൂട്ടത്തിൽ പി.സെൽവരാജ് ഡി.എം.കെ നേതാവാണ്. ഇയാൾ രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂലിപ്പണിക്കാരിയായ അമ്മയുടെയും, മുത്തച്ഛന്റേയും കൂടെയാണ് പെൺകുട്ടി കഴിഞ്ഞു പോന്നിരുന്നത്. അമ്മ കൂലിപ്പണിക്ക് പോകുന്ന തക്കം നോക്കിയാണ് ഇവർ നാലുപേരും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് തന്നെ ലൈംഗികമായി ആക്രമിച്ച പുരുഷന്മാരുടെ വിവരങ്ങൾ പെൺകുട്ടി ഓർത്തെടുത്തു എന്നും പൊലീസ് പറയുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.