ലഡാക്ക്: കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം താഴ്‌വരയിൽ ആദ്യ സൈനിക റിക്രൂട്ട്മെന്റ് റാലി നടത്തി ഇന്ത്യൻ ആർമി. ഏഴു ദിവസം നീണ്ടുനിൽക്കുന്ന, തൽവാരയിലെ ജമ്മു കാശ്മീർ പൊലീസ് സബ്സിഡയറി ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലി ഇന്ന് മുതലാണ് ആരംഭിച്ചത്. ഈ മാസം ഒൻപതാം തീയതി റിക്രൂട്ട്മെന്റ് അവസാനിക്കും.
ജമ്മു കാശ്മീരിലെ ഏഴ് ജില്ലകളിലായി ഉള്ള യുവാക്കൾക്ക് തൊഴിൽ നൽകുക എന്നതാണ് റിക്രൂട്ട്മെന്റ് റാലിയുടെ ഉദ്ദേശമെന്ന് ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജമ്മുവിൽ നിന്ന് മാത്രം 29,000 യുവാക്കൾ റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ 2500 പേർ റാലിയിൽ പങ്കെടുക്കാൻ എത്തി.
ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, സോൾജ്യർ ക്ലാർക്ക്, സോൾജ്യർ സ്റ്റോർ കീപ്പർ, സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്‌നിക്കൽ, ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്റ്, ടെക്‌നിക്കൽ സെയിൽസ്മാൻ എന്നീ പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.