ഭോപ്പാൽ: 73 ാമത് ദേശീയ സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സജൻ പ്രകാശിന് വീണ്ടും സ്വർണം. 100 മീറ്റർ ബട്ടർഫ്ലൈയിലാണ് സജൻ ഇന്ത്യൻ പൊലിസിനായി സ്വർണം നേടിയത്. 54.25 സെക്കന്റിലാണ് സജൻ സ്വർണത്തിലേക്ക് ഫിനിഷ് ചെയ്തത്. ഇതോടെ സജന്റെ ദേശീയ മീറ്റിലെ സ്വർണ നേട്ടം രണ്ടായി. മിഹിർ അംബ്രേ (മഹാരാഷ്ട്ര) വെള്ളിയും സുപ്രിയ മൊൻഡാൽ (അർ.എസ്.പി.ബി) വെങ്കലവും നേടി. ഭോപ്പാലിലെ പ്രകാശ് തരുൺ പുഷ്‌കർ അക്വാട്ടിക് സെന്ററിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ 200 മീറ്റർ മെഡ്‌ലേയിൽ 2:05.89 സെക്കന്റിൽ ഫിനിഷ് ചെയ്ത സജൻ സ്വർണം നേടിയിരുന്നു.