ഭൂമിയെ വലം വയ്ക്കുന്ന രീതിയിൽ വിഭാവനം ചെയ്ത ആദ്യ 'ബഹിരാകാശ ഹോട്ടലി'ന്റെ ചിത്രങ്ങൾ പുറത്ത്. 400 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള രീതിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഈ 'ഹോട്ടലിൽ' റെസ്റ്റോറന്റ്, ബാർ, സിനിമാ തീയറ്റർ എന്നീ സൗകര്യങ്ങളും ഇതിന്റെ ഡിസൈനേഴ്‌സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്ഥാപിക്കപ്പെട്ട അമേരിക്കൻ കമ്പനിയായ 'ഗേറ്റ്വേ ഫൗണ്ടേഷൻ' ആണ് ഈ ബഹിരാകാശ ഹോട്ടൽ ഡിസൈൻ ചെയ്തത്. നിലവിൽ ഭാവനയിലാണ് ഇത് കെട്ടിപൊക്കിയിരിക്കുന്നതെങ്കിലും സമീപ ഭാവിയിൽ ഈ പദ്ധതി നടപ്പാക്കാൻ സാധിക്കും എന്നാണ് ഫൗണ്ടേഷനിലെ അംഗങ്ങൾ കരുതുന്നത്.
'വോൺ ബ്രോൺ' ബഹിരാകാശ നിലയം എന്നാണ് ഈ ഹോട്ടലിന് ഇവർ പേര് നൽകിയിരിക്കുന്നത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ(ഐ.എസ്.എസ്) അതേ മാതൃകയിലാണ് ഈ സ്പേസ് സ്റ്റേഷൻ 'ഗേറ്റ്വേ ഫൗണ്ടേഷൻ' നിർമ്മിക്കുക. അറിവ് പകരുന്ന സെമിനാറുകൾ നടത്താനും ഭൂമിയെ ദർശിച്ചുകൊണ്ട് താമസിക്കാനും ഈ ഹോട്ടൽ ഉപയോഗിക്കാനാണ് നിർമാതാക്കളുടെ പദ്ധതി. ഈ സ്പേസ് സ്റ്റേഷനിലെ മുറികളിൽ കൃത്രിമ ഗുരുത്വാകർഷണവും ഉണ്ട്. നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്ന സ്പേസ് സ്റ്റേഷനിൽ ചന്ദ്രനിൽ ഉള്ള തരത്തിലുള്ള ഗുരുത്വാകർഷണമാണ് ഉണ്ടാകുക. അതിനാൽ ഇവിടെ കാലുറപ്പിച്ച് നടക്കാൻ സാധിക്കും. 2025ൽ ഈ പദ്ധതി പൂർത്തീകരിക്കാനാണ് 'ഗേറ്റ്വേ ഫൗണ്ടേഷൻ' ആലോചിക്കുന്നത്.