kerala-police

തിരുവനന്തപുരം: ഹൃദ്രോഗിയായ യുവാവിനെ മോഷണക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് 21 ദിവസം ജയിലിലടച്ച് മൂന്നാം മുറ പ്രയോഗിച്ച സംഭവത്തിൽ രണ്ട് സി.ഐമാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സർക്കിൾ ഇൻസ്പെക്ടർ ജി. അജിത്കുമാർ, കൊല്ലം പുത്തൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ടി.വിജയകുമാർ എന്നിവർക്കെതിരെയാണു നടപടി. ഇവർ വെള്ളറട സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് സംഭവം നടന്നത്. ചെറിയകൊല്ല അമ്പലത്തുവിളാകം റോഡരികത്തുവീട്ടിൽ റജിനി(23)നെയാണ് കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച് ജയിലിലാക്കിയത്.

2017 ഒക്ടോബർ ആറിനായിരുന്നു സംഭവങ്ങളുടെ തുടക്കം, സംഭവം ഇങ്ങനെ: പുളിയറക്കോണത്തു പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു റജിൻ. തന്നെ പൊലീസ് അന്വേഷിച്ച് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് വെള്ളറട സ്റ്റേഷനിൽ എത്തിയ റജിനെ ഒരു സി.സി.ടി.വി ദൃശ്യം കാണിച്ച്, ഇത് താനാണോ എന്ന് ചോദിച്ചു. എന്നാൽ വ്യക്തമാകുന്നില്ലെന്ന് പറഞ്ഞതോടെ സി.ഐയുടെ മുറിയിൽ കൊണ്ടുപോയി റജിനെ ക്രൂരമായി മർദ്ദിച്ചു.

തുടർന്ന് 5 ദിവസം വെള്ളറട,ആര്യങ്കോട്, പൂവാർ, പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷന്റെ പരിസരത്തുള്ള ഇടിമുറി എന്നിവിടങ്ങളിലും വച്ച് ക്രൂര മർദനത്തിനിരയാക്കി. കുന്നത്തുകാൽ ജംഗ്ഷനിലുള്ള പുഷ്പരാജിന്റെ മലഞ്ചരക്കുകടയിൽ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടർ താഴ്ത്താൻ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണൻനായരുടെ കയ്യിൽനിന്നു തട്ടിയെടുത്ത 1,14,500രൂപയും എവിടെയെന്നു ചോദിച്ചായിരുന്നു മർദ്ദിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ റിജിനുമായി സാദൃശ്യമുണ്ടെന്ന് ആരോക്കെയോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർന്ന് മോഷണ വിവരം നാട്ടിലറിഞ്ഞതോടെ റജിൻ അപമാനിതനായി. പിന്നീട് ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

കേസിൽ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പരാതിക്കാരൻ മൊഴി നൽകിയിരുന്നു. എന്നാൽ പൊലീസ് റജിനെ മാത്രമാണ് പ്രതിയാക്കിയത്. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ വീഴ്ച കണ്ടെത്തിയത്.

ക്രൂരമായ പീഡനമാണ് പൊലീസ് തന്നോട് ചെയ്തതെന്ന് റജിൻ പറഞ്ഞു. ആദ്യദിവസം സി.ഐയും എസ്‌.ഐയും ചേർന്ന് മാറി മാറി മർദ്ദിച്ചു. രാത്രിയിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കൊണ്ടുപോയി നാലുപേർ ചേർന്ന് വീണ്ടും മർദ്ദിച്ചു. ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മർദ്ദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനിൽ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി. അടുത്തദിവസം കാഞ്ഞിരുംകുളത്ത് കൊണ്ടുപോയി അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മർദിപ്പിച്ചു. മുളക് സ്‌പ്രേയും നടത്തി.

അടുത്ത ദിവസം പൂവാർ സ്റ്റേഷനിൽ കൊണ്ടുപോയി ഇടിച്ചു. കാൽവിരലുകളിലെ നഖത്തിനിടയിൽ മൊട്ടുസൂചിയും കയറ്റി. മർദനത്തിനിടെ നാലുവട്ടം തലചുറ്റിവീണു.തുടർച്ചയായി തലയിൽ തണുത്തവെള്ളമൊഴിച്ചാണ്‌ ബോധം തെളിയിച്ചതെന്നും രജിൻ വ്യക്തമാക്കി.