abaha-court

അബഹ: മോഷണക്കുറ്റത്തിന് പ്രതിയാക്കപ്പെട്ട് ഒൻപത് മാസമായി ജയിലിൽ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലതുകൈ മുറിച്ചു മാറ്റാനുള്ള കോടതി വിധി റദ്ദാക്കി. സൗദി അറേബ്യയിലെ തെക്കൻ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതിയാണ് ഏപ്രിൽ മാസം മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ യുവാവ് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും ജിദ്ദ കോൺസുലേറ്റിന്റെയും സഹായത്തോടെ അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് അബഹയിലെ മൂന്നംഗ ബെഞ്ച് അപ്പീൽ കോടതി കേസ് പഠിക്കുകയും, കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി പകരം നാലുവർഷം തടവും 400 അടിയും വിധിക്കുകയായിരുന്നു.

അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി ഹോട്ടലിന്റെ ലോക്കറിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തിൽ ആറ് വർഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലായത്. നഷ്ടപ്പെട്ട മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്ഥർ കുളിമുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശരിഅത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി അന്ന് വിധിക്കുകയായിരുന്നു. ഭാഷ വശമില്ലത്തതിനാലും ഭയം മൂലവും കാര്യങ്ങൾ കോടതിയെ വേണ്ട രീതിയിൽ ബോധ്യപ്പെടുത്താൻ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞിരുന്നു.

തുടർന്ന് നാട്ടിലുള്ള മാതാവും സുഹൃത്തുക്കളും ഇന്ത്യൻ സോഷ്യൽ ഫോറം അബഹ നേതൃത്വത്തെ സമീപിക്കുകയായിരുന്നു. പിന്നീട് ജിദ്ദ കോൺസുലേറ്റിന്റെയും സഹായത്തോടെ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. മകന്റെ കൈ മുറിച്ചുമാറ്റാനുള്ള വിധി റദ്ദായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും മകന്റെ സുഹൃത്തുക്കൾക്കും യുവാവിന്റെ മാതാവ് തന്റെ നന്ദിയും കടപ്പാടും പ്രാർത്ഥനയും അറിയിച്ചു.