ചന്ദ്രകലയും പ്രജീഷും വെട്ടിത്തിരിഞ്ഞ് താഴെ റോഡിലേക്കു നോക്കി.
ബൈക്കിൽ പാഞ്ഞു പോകുന്ന ഹെൽമറ്റ് ധാരി.
''അത് അവൻ തന്നെയാ..." ചന്ദ്രകല ആവേശത്തോടെ വിളിച്ചുപറഞ്ഞു.
''മുനിയാണ്ടീ... ജീപ്പ് തിരിക്കാൻ പറ." പ്രജീഷ് വേഗം തിരിഞ്ഞ് വാതിൽ അടച്ചുപൂട്ടി.
മുനിയാണ്ടി രണ്ടാം നിലയുടെ കൈവരിയിൽ പിടിച്ചുകൊണ്ട് താഴേക്കു നോക്കി. ജീപ്പ് ഡ്രൈവർക്കു നിർദ്ദേശം നൽകി. തന്റെ ബാഗും എടുത്തുകൊണ്ട് ചന്ദ്രകല സ്റ്റെപ്പുകൾ ഇറങ്ങി ലോഡ്ജിന്റെ താഴേ നിലയിലേക്ക് ഓടിക്കഴിഞ്ഞിരുന്നു.
പ്രജീഷും മുനിയാണ്ടിയും ഒപ്പം ചെന്നു.
ജീപ്പ് ഡ്രൈവർ അത് 'റ'പോലെ റോഡിൽ തിരിച്ചു.
മൂവരും ചാടിക്കയറി.
''വേഗം.... " പ്രജീഷ് തിടുക്കപ്പെട്ടു.
കുതിച്ചു ചാടും പോലെ പച്ച പെയിന്റടിച്ച ജീപ്പ് കുതിച്ചു പാഞ്ഞു.
അകലെ ബൈക്കിന്റെ പിൻഭാഗം കണ്ടു.
''ഇത്തവണ അവൻ രക്ഷപ്പെടരുത്."
ചന്ദ്രകല പല്ലുകൾ കടിച്ചമർത്തി. മസനഗുഡി ടൗണിൽ നിന്ന് ബൈക്ക് വലത്തേക്കു തിരിഞ്ഞു.
''ഇനി പേടിക്കാനില്ല. അവൻ പോകുന്നതും മായാർ ഭാഗത്തേക്കാ... അവിടെയിട്ട് നമുക്ക് അവനെ പൂട്ടാം. റോഡ് അവിടെ വരെയേ ഉള്ളു."
മുനിയാണ്ടി വിജയഭാവത്തിൽ ചിരിച്ചു.
പഴയ ജീപ്പാണ്. എത്ര ആക്സിലറേറ്റർ ഞെരിച്ചിട്ടും അതിന് ഒരു വേഗതയ്ക്ക് അപ്പുറമെത്തുവാൻ കഴിഞ്ഞില്ല.
റോഡിനിരുവശവും വനം.
ആനകൾ മരശിഖരങ്ങൾ വലിച്ചിരിഞ്ഞ് ഇട്ടിരിക്കുന്നു...
കല്ലുകൾ വാരി വിതറിയതുപോലെ ആനപ്പിണ്ടം.
അതിൽ നിന്നുതന്നെ അവിടെയെത്തുന്ന ആനകൾ കണക്കറ്റതാണെന്നു മനസ്സിലാക്കാം.
''താഴെക്കൂടി ഒരു കനാലുണ്ട്. ഊട്ടി പൈക്കര ഡാമിൽ നിന്നു വരുന്ന വെള്ളമാണതിൽ. നാലുമണി കഴിയുമ്പോൾ ആനകൾ കൂട്ടംകൂട്ടമായി കനാലിൽ വെള്ളം കുടിക്കാനെത്തും."
മുനിയാണ്ടി പറഞ്ഞുകൊണ്ടിരുന്നു.
പക്ഷേ, പ്രജീഷിനോ ചന്ദ്രകലയ്ക്കോ അത് ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നു.
ആ ബൈക്കുകാരൻ!
അവനെ കയ്യിൽ കിട്ടണം. ഇടിച്ച് ഇഞ്ചപ്പരുവത്തിൽ ആക്കിയിട്ടായാലും അവന്റെ നാവിൽ നിന്നു സത്യമറിയണം.
ഇരുവരുടെയും ഹൃദയതാളം മുറുകിക്കൊണ്ടിരുന്നു.
മസനഗുഡിയിൽ നിന്ന് ഏതാണ്ട് പത്ത് - പന്ത്രണ്ട് കിലോമീറ്ററിൽ അധികം ഉണ്ടായിരുന്നില്ല മായാറിലേക്ക്.
വഴിയിലെങ്ങും ബൈക്കുകാരനെ കണ്ടില്ല.
ടൂറിസ്റ്റുകളെ കയറ്റിയ രണ്ട് ജീപ്പുകൾ വനത്തിലെ ചെറിയ പാതയിലേക്കു കയറിപ്പോകുന്നതു കണ്ടു.
മുന്നിൽ മായാർ ഡാമിന്റെ ഇങ്ങേയറ്റമായി...
ഡാമിന്റെ മുക്കാൽ ഭാഗത്തോളം വെള്ളമുണ്ടായിരുന്നു...
ഡാമിന്റെ കരയിലൂടെ ജീപ്പ് ഓടി.
പശുക്കളെ മേയ്ക്കുന്ന പുരുഷന്മാരെ കണ്ടു. ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെയും....
യാതൊരു പുരോഗതിയും കൈവരിക്കാത്ത ഒരു സ്ഥലമാണിതെന്ന് പ്രജീഷിനും ചന്ദ്രകലയ്ക്കും മനസ്സിലായി.
കാറ്റിൽ ചാണകത്തിന്റെ ഗന്ധം. പശുക്കളിൽ നിന്നുള്ള വരുമാനമാണ് ഇവർക്ക് കൂടുതലായി ഉള്ളതെന്ന് അവർക്കു തോന്നി.
ജീപ്പ് പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു ആൽമരച്ചുവട്ടിൽ ബ്രേക്കിട്ടു.
അവിടെയും ഏതാണ്ട് അൻപതോളം പശുക്കളെ കണ്ടു.
കുറച്ചകലെ ആട്ടിൻപറ്റങ്ങൾ...
''ഇറങ്ങി വാ സാറേ..."
മുനിയാണ്ടി ക്ഷണിച്ചു.
പ്രജീഷും ചന്ദ്രകലയും ഇറങ്ങി. അങ്ങിങ്ങായി ചെറിയ ചതുര വീടുകൾ...
അവയിൽ ചുരുക്കം ചിലതിൽ ടിവി ഡിഷ് കണ്ടു.
ബൈക്കുകാരനെ അവിടെയെങ്ങും കണ്ടില്ല.
ഒരു ഭാഗത്ത് ഡാമിലെ ജീവനക്കാർക്കു താമസിക്കാനുള്ള കെട്ടിടങ്ങൾ...
വേപ്പു മരങ്ങൾ...
കഷ്ടിച്ച് ഒരു കാറിനു മാത്രം കടന്നുപോകാവുന്ന വഴിയിലൂടെ മൂവരും നടന്നു.
ജീപ്പ് ഡ്രൈവറോട് അവിടെ വെയിറ്റു ചെയ്യാൻ പറഞ്ഞു.
''ഇവിടെ അധികം വീടുകളൊന്നുമില്ലേ?"
ചന്ദ്രകല തിരിഞ്ഞ് പ്രജീഷിനെ നോക്കി.
''ഇരുനൂറിൽ കൂടുതൽ കാണില്ല." മുനിയാണ്ടി ചുണ്ടനക്കി. ''ഒക്കെ പാവങ്ങളാ സാറേ... ഉള്ള സ്ഥലത്ത് വെളുത്തുള്ളിയും ചുവന്നുള്ളിയും ബീൻസും കൃഷി ചെയ്യും. പിന്നെയുള്ള വരുമാനം പാലും, ചാണകവുമാണ്."
വഴിയിലും ഉണ്ടായിരുന്നു ചാണകം.
അതിൽ ചവിട്ടാതെ ശ്രദ്ധിച്ചുകൊണ്ടാണ് പ്രജീഷും ചന്ദ്രകലയും നടന്നത്.
ഇടുങ്ങിയ റോഡിനരുകിൽ ഒരു ക്ഷേത്രമുണ്ട്.
അവിടെ നല്ല തിരക്ക്.
അപരിചിതരെ അവിടുത്തുകാർ തുറിച്ചുനോക്കി.
എന്നാൽ മുനിയാണ്ടിയോട് അവരിൽ പലരും പരിചയം ഭാവിച്ചു.
മുനിയാണ്ടി അവരോട് ബൈക്കുകാരനെക്കുറിച്ച് തിരക്കി.
അവിടെ അങ്ങനെ ഒരാൾ എത്തിയില്ലെന്നു മറുപടി.
''അയാൾ പിന്നെ അന്തരീക്ഷത്തിൽ ലയിച്ചുചേർന്നോ?" ചന്ദ്രകലയ്ക്കു വിഷമവും കോപവും ഒന്നിച്ചുണ്ടായി.
അവർ ഒരു വെളുത്തുള്ളി പാടത്തിനു നടുവിലുള്ള ചെറിയ വീടിനു മുന്നിലെത്തി.
മൂന്നോ നാലോ മുറികൾ കഷ്ടിച്ചു കാണും എന്നു തോന്നി.
കുറച്ചകലെ നിന്ന് ഒരാൾ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
(തുടരും)