novel

പ്രജീഷും ചന്ദ്രകലയും പരിസരം ശ്രദ്ധിച്ചു. വൃത്തിയുള്ളതാണ്.

വീടിനും അധികം പഴക്കമില്ലെന്നു തോന്നി.

അവർ ചുറ്റും നോക്കുന്നതു കണ്ട്, കണ്ണിൽ പെടാതിരിക്കുവാൻ അവരെ ശ്രദ്ധിച്ചുകൊണ്ടുനിന്ന മനുഷ്യൻ പെട്ടെന്നു വേപ്പിൻ മരത്തിനു പിന്നിലേക്കു മാറി.

''ഈ വീട് മതിയാകുമോ സാർ?" മുനിയാണ്ടി പ്രതീക്ഷയോടെ പ്രജീഷിനെ നോക്കി.

അയാൾ ചന്ദ്രകലയെയും.

''മതി. ഇതുമതി തൽക്കാലം."

ചന്ദ്രകല സമ്മതിച്ചു:

''അകത്തു കയറി കാണാൻ കഴിയുമോ?"

മുനിയാണ്ടി അപ്പോൾത്തന്നെ സെൽഫോൺ എടുത്ത് ആരെയോ വിളിച്ചു. ശേഷം അറിയിച്ചു:

''പത്തു മിനിട്ടിനുള്ളിൽ ആൾ എത്തും."

''ഇവിടെ വൈദ്യുതി കിട്ടുന്നത് എവിടെനിന്നാ?"

പ്രജീഷ് മുറ്റത്തു കിടന്നിരുന്ന ഒരു മരക്കുറ്റിയിൽ ഇരുന്നു.

''ഇവിടെ അടുത്താണല്ലോ മസനഗുഡി പവ്വർ ഹൗസ്. അവിടെ നിന്നാണ്. കുറച്ചപ്പുറത്താണ് ഭവാനിസാഗർ അണക്കെട്ട്. എല്ലാംകൊണ്ടും നല്ല കാലാവസ്ഥയാണ് ഇവിടെ."

ചന്ദ്രകലയോ പ്രജീഷോ അതിനു മറുപടി നൽകിയില്ല. ബ്രോക്കർമാർ അല്പം എന്തെങ്കിലും ഉണ്ടെ‌ങ്കിൽ പോലും പെരുപ്പിച്ച് പറയും എന്ന് അവർക്കറിയാം."

പത്തുമിനിട്ടിനു മുൻപു തന്നെ കെട്ടിടത്തിന്റെ ഉമസ്ഥൻ അവിടെയെത്തി. ഒരു സ്കൂട്ടറിൽ.

അയാൾ വാതിൽ തുറന്നുകൊടുത്തു. അവർ അകത്തുകയറി.

വൃത്തിയുള്ള മുറികൾ.

ഒരു ചെറിയ ഹാളും ബെഡ് റൂമും. പിന്നെ കിച്ചൺ. അറ്റാച്ച്‌ഡ് ബാത്ത്‌റൂമും ഉണ്ട്. അത്യാവശ്യം ഫർണ്ണിച്ചറുകളും.

മടങ്ങിവന്ന് എല്ലാവരും ഹാളിൽ ഇരുന്നു. വീട്ടുടമ ഫാൻ ഓൺ ചെയ്തു.

''അപ്പോൾ വാടക എത്രയാ? മുനിയാണ്ടി അതേക്കുറിച്ചു പറഞ്ഞില്ല."

പ്രജീഷ് സംഭാഷണത്തിനു തുടക്കമിട്ടു.

''എനിക്ക് മൂവായിരം രൂപ പ്രതിമാസ വാടക കിട്ടണം. അൻപതിനായിരം രൂപ സെക്യൂരിറ്റിയും. പിന്നെ മുനിയാണ്ടിക്കുള്ള ഫീസ് നിങ്ങൾ തന്നെ കൊടുക്കേണ്ടിവരും." അയാൾ പറഞ്ഞു.

ഇന്നത്തെ കാലത്ത് മൂവായിരം രൂപ കൂടുതലല്ലെന്ന് പ്രജീഷിനും ചന്ദ്രകലയ്ക്കും അറിയാം.

ഉടമസ്ഥന്റെ വ്യവസ്ഥ അവർ അംഗീകരിച്ചു.

''അപ്പോൾ ഞങ്ങൾ ഇന്നു വൈകിട്ടു തന്നെ ഇവിടേക്കു താമസം മാറും."

ചന്ദ്രകല അറിയിച്ചു.

ഒപ്പം അൻപതിനായിരം രൂപ എടുത്ത് വീട്ടുടമയെ ഏൽപ്പിച്ചു.

അയാൾ താക്കോലും അപ്പോൾത്തന്നെ നൽകി.

''ഉടമ്പടിയൊക്കെ നമുക്ക് അടുത്ത നാൾ തയ്യാറാക്കാം." വീട്ടുടമ പറഞ്ഞു.

അവർ സമ്മതി​ച്ചു. ശേഷം പുറത്തി​റങ്ങി​ വീടു പൂട്ടി​.

വേപ്പു മരത്തി​നു മറഞ്ഞുനി​ന്നി​രുന്ന മനുഷ്യൻ പെട്ടെന്നു പി​ന്നോട്ടു മാറി​.

കുറച്ചകലെ എവി​ടെയോ ഒരു ബൈക്ക് സ്റ്റാർട്ടു ചെയ്യുന്ന ശബ്ദം അവർ കേട്ടു.

പ്രജീഷും ചന്ദ്രകലയും മുനി​യാണ്ടി​യും ആൽമരച്ചുവട്ടി​ൽ എത്തുമ്പോൾ ഡ്രൈവർ പെട്ടെന്ന് അറി​യി​ച്ചു:

നമ്മൾ പി​ൻതുടർന്നു വന്ന ബൈക്കുകാരനാവണം അല്പം മുൻപ് ഈ വഴി​ അതി​വേഗം ഓടി​ച്ചുപോയി​...

തങ്ങൾ കേട്ട ബൈക്കി​ന്റെ ശബ്ദം അതായി​രുന്നുവെന്ന് അവർക്കു തോന്നി.

മടക്കയാത്ര....

**** *** ***

നിലമ്പൂർ.

വടക്കേ കോവിലകം.

വീട്ടുജോലിക്ക് ഒരു പ്രായമുള്ള സ്‌ത്രീയെ എം.എൽ.എ ശ്രീനിവാസ കിടാവ് അവിടെയെത്തിച്ചു.

ഹേമലത എഴുന്നേറ്റപ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു.

പരിചയമില്ലാത്ത വിട്ടിൽ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല അവൾക്ക്. വെളുപ്പിന് എപ്പോഴോ ആണ് ഒന്നു മയങ്ങിയത്.

കിടക്കയിൽ എഴുന്നേറ്റിരുന്ന് അവൾ ഭർത്താവിനെയും കുട്ടികളെയും നോക്കി.

സുരേഷും മക്കളായ ആരവും ആരതിയും സുഖസുക്ഷുപ്തിയിൽ. ആരവിന് അഞ്ചുവയസ്സും ആരതിക്ക് മൂന്നും.

ഇവിടെയെങ്കിലും സുരേഷ് നല്ല മനസ്സോടെ ജീവിച്ചാൽ മതിയെന്നായിരുന്നു ഹേമലതയുടെ ആഗ്രഹം.

പെട്ടെന്ന് അവൾക്ക് ഒരു തോന്നൽ.

രാത്രിയിൽ താൻ ആരുടെയോ പൊട്ടിച്ചിരി കേട്ടോ?

അതോ ഉറക്കത്തിൽ തോന്നിയതാണോ?

കോവിലകം എന്നു കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരു സന്ദേഹം ഉണ്ടായിരുന്നു.. കോവിലകങ്ങൾക്കൊക്കെ ഒരുപാട് ദുരൂഹതകൾ ഉണ്ടായിരിക്കുമെന്ന്!

അതേക്കുറിച്ച് ചിന്തിച്ചുകൊണ്ട് കിടന്നിട്ടാവാം സ്വപ്നത്തിൽ പൊട്ടിച്ചിരി കേട്ടത്.

മുടി വാരിക്കെട്ടി, വസ്ത്രങ്ങൾ നേരെയാക്കി ഹേമലത കിച്ചണിലേക്കു പോയി.

അവിടെ പാത്രങ്ങൾ അനങ്ങുന്നതു കേട്ടു.

ജോലിക്കാരി ഭാനുമതിയാകും.

''ചേടത്തീ.."

ഹേമലത വിളിച്ചു.

പെട്ടെന്ന് പാത്രങ്ങളുടെ അനക്കം നിന്നു.

ഹേമലത വാതിൽക്കലെത്തിയിരുന്നു.

വീണ്ടും ഭാനുമതിയെ വിളിക്കാനായി വാ തുറന്ന അവൾ പൊടുന്നനെ സ്തബ്ധയായി...

അടുക്കളയിലെ സ്റ്റൂളിൽ ഒരു കറുത്ത രൂപം പുറംതിരിഞ്ഞ് ഇരിക്കുന്നു.

(തുടരും)