ന്യൂഡൽഹി: അജിത് ഡോവലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിന് റഷ്യയിലെത്തി. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി റഷ്യയിലെത്തിയത്.
ബുധനാഴ്ച രാവിലെ റഷ്യൻ വ്ളാഡിവോസ്റ്റോക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. മൊദിയെ സ്വീകരിക്കാൻ റഷ്യൻ ഉപ വിദേശകാര്യമന്ത്രി ഇഗോർ മോർഗുലോവ് എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഗാർഡ് ഒഫ് ഓണർ നൽകിയായിരുന്നു സ്വീകരണം.
ഇരുപതാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലും ഈസ്റ്റേൺ ഇക്കണോമിക ഫോറത്തിന്റെ അഞ്ചാമത്തെ യോഗത്തിലും മോദി പങ്കെടുക്കും. വൈകീട്ട് നാലിനാണ് ഉച്ചകോടി. തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പ്രതിരോധ മേഖലയിലെ സഹകരണം മുഖ്യചർച്ചാ വിഷയമാകും. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാവശ്യമായ കാര്യങ്ങളെക്കുറിച്ചു ഇരു നേതാക്കളും സംസാരിക്കും. പ്രതിരോധം, വ്യവസായിക സഹകരണം പോലുള്ള 25 ഓളം മേഖലകളുമായി ബന്ധപ്പെട്ടുള്ള സുപ്രധാന കരാറുകളിൽ ഇരു നേതാക്കളും ഒപ്പുവയ്ക്കും.
പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളാണ് ഉഭയകക്ഷി ചർച്ചയിലെ പ്രധാന അജൻഡയെന്ന് യാത്രയ്ക്ക് മുമ്പ് മോദി സൂചന നൽകിയിരുന്നു. കാശ്മീർ വിഷയം പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ കഴിഞ്ഞമാസം അജിത് ഡോവൽ റഷ്യയിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ചർച്ചവിഷയമടക്കമുള്ള കാര്യങ്ങൾ ക്രമീകരിക്കുന്നതിനും, ഇന്ത്യൻ ഭാഗത്തുനിന്നുള്ള നിർണായക തീരുമാനങ്ങൾ അറിയിക്കുന്നതിനും വേണ്ടിയായിരുന്നു ഡോവൽ അന്ന് റഷ്യ സന്ദർശിച്ചത്.
370 റദ്ദാക്കിയത് ചൈനയുടെ പിന്തുണയോടുകൂടി യു.എൻ രക്ഷാസമിതിയിൽ എത്തിച്ച പാകിസ്ഥാന്റെ നീക്കത്തെ മുളയിലേ നുള്ളിയത് റഷ്യയുടെ പിന്തുണയോടു കൂടിയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഡോവൽ റഷ്യയിലെത്തിയത്. റഷ്യൻ ഇടപെടലിനു പിന്നാലെ രക്ഷാസമിതിയിലെ ചൈനയൊഴികെയുള്ള മറ്റെല്ലാ സ്ഥിരാംഗങ്ങളും കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
Zdravstvuyte Rossiya!
— Raveesh Kumar (@MEAIndia) September 3, 2019
PM @narendramodi was warmly welcomed at Vladivostok airport on his 3rd bilateral visit to Russia. Over the next 2 days, bilateral meeting with President Putin, participation at Eastern Economic Forum & meetings with other world leaders on the agenda. pic.twitter.com/x8NnoUjdUI