sbi

കണ്ണൂർ: രാവിലെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ എത്തിയ ഇടപാടുകാരൻ കണ്ടത് കൗണ്ടറിനുള്ളിലാകെ ചിതറിക്കിടക്കുന്ന നോട്ടുകെട്ടുകൾ. കണ്ണൂരിലെ ചെട്ടിപ്പീടികയിലെ എസ്.ബി.ഐ എ.ടി.എമ്മിലാണ് നോട്ടുമഴയെ അനുസ്‌മരിപ്പിക്കുന്ന വിധത്തിലുള്ള സംഭവം അരങ്ങേറിയത്. മാദ്ധ്യമ പ്രവർത്തകനായ റെനീഷ് മാത്യു പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് തറയിൽ 500 രൂപയുടെ നോട്ടുകെട്ടുകൾ ചിതറിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാങ്ക് അധികൃതരെ വിളിച്ചുവരുത്തി പണം കൈമാറി. ഏതാണ്ട് 20,000രൂപ ഉണ്ടായിരുന്നുവെന്നാണ് വിവരം. തൊട്ടുമുമ്പ് പണം പിൻവലിക്കാൻ എത്തിയ ഇടപാടുകാരന്റെയാവും പണമെന്നാണ് നിഗമനം.

അതേസമയം, എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഇടപാട് പൂർത്തിയായതിന് ശേഷം മാത്രമേ കൗണ്ടറിൽ നിന്ന് പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ബാങ്ക് അധികൃതർ നിർദ്ദേശിച്ചു. പണം ലഭിക്കാൻ വൈകിയാൽ ഇടപാട് റദ്ദായെന്ന് കരുതി തിരികെപോകുമ്പോൾ പണം മെഷീനിൽ നിന്നും പുറത്തുവന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. അക്കൗണ്ടിൽ നിന്ന് പണം ക്രെഡിറ്റ് ആയിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും ബാങ്ക് അധികൃതർ നിർദ്ദേശിച്ചു. അതേസമയം, സമാന പരാതികൾ ഇതിന് മുമ്പും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.