തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് എല്ലാ ശനിയാഴ്‌ചയും അവധി നൽകുന്നതുൾപ്പടെ നിരവധി ശുപാർശകൾ മുന്നോട്ടുവച്ച് വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷൻ. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കുന്നതിന് വേണ്ടിയാണ് ശനിയാഴ്‌ച കൂടി അവധി നൽകണമെന്നാണ് കമ്മിഷൻ ശുപാർശ ചെയ്‌തിരിക്കുന്നത്. ഇതിനു പകരം മറ്റുദിവസങ്ങളിൽ ഓഫീസ് പ്രവർത്തനം രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെയാക്കണം. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ അരമണിക്കൂർ ഇടവേള നൽകണമെന്നും ശുപാർശയിൽ പറയുന്നു. കൂടാതെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
മറ്റു ശുപാർശകൾ-
ജീവനക്കാരുടെ കാഷ്വൽ ലീവ് 20ൽ നിന്ന് 12 ആക്കണം. മറ്റ് അവധികൾ പൊതു അവധികൾ, പ്രത്യേക അവധികൾ, നിയന്ത്രിത അവധികൾ എന്നിങ്ങനെ മൂന്നായി തിരിക്കണം. പൊതുഅവധികൾ ഒമ്പത് മതി. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടുദിവസം), ക്രിസ്മസ്, ഈദുൽ ഫിത്തർ, മഹാനവമി.
മറ്റ് അവധികൾ പ്രത്യേക അവധികളായിരിക്കും. പ്രത്യേക അവധികളിൽ ഒരാൾക്ക് എട്ടെണ്ണത്തിനേ അവകാശം പാടുള്ളൂ. അപേക്ഷയുടെ അടിസ്ഥാനത്തിൽ വേണം ഇതനുവദിക്കാൻ. ജാതിമത ഭേദമന്യേ ആർക്കും ഇത്തരം അവധികൾക്ക് അപേക്ഷിക്കാം. നിയന്ത്രിത അവധികൾ ഇപ്പോഴത്തെപ്പോലെ നിലനിർത്തണം. 2019ൽ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളുമൊഴികെ 27 ദിവസം ഓഫീസുകൾ അവധിയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതിന്റെ സാധ്യത തേടാം. എന്നാൽ ഓഫീസിലെത്തുന്ന സമയവും പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി നിശ്ചിതസമയം ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണം. ഓഫീസ് സമയത്തിന് അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങളൊരുക്കാൻ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണം.
പി.എസ്.സി പ്രായപരിധി 40ൽ നിന്ന് 32 ആക്കണം
പി.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായം 40ൽനിന്ന് 32 ആയി കുറയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാർശ. കുറഞ്ഞപ്രായം 18ൽ നിന്ന് 19 ആക്കണം. പട്ടികജാതി/പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗം എന്നിവരുടെ പ്രായം ഇതനുസരിച്ച് ക്രമീകരിക്കണം. പരീക്ഷയെഴുതാനുള്ള അവസരം പൊതുവിഭാഗത്തിന് നാലുതവണയായും മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അഞ്ചുതവണയായും പരിമിതപ്പെടുത്തണം.
സ്‌കൂളുകളുടെ പ്രവർത്തിസമയം നേരത്തെ ആക്കണം
സ്‌കൂളുകളുടെ പ്രവർത്തിസമയം നേരത്തെ ആക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നു. ഓഫീസുകൾ തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും സ്‌കൂൾ തുറക്കണം. രാവിലെ ഒമ്പതിനാണ് ഓഫീസുകൾ തുറക്കേണ്ടത്.