sreejiv

തിരുവനന്തപുരം:നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ മരണം കസ്‌റ്റഡി കൊലപാതകമല്ലെന്നും ഇയാൾ ആത്മഹത്യ ചെയ്‌തതാണെന്നും കേസ് അന്വേഷിച്ച സി.ബി.ഐയുടെ കണ്ടെത്തൽ. ശ്രീജീവ് താമസിച്ച ആറ്റിങ്ങലിലെ ലോഡ്‌ജിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ശ്രീജീവ് ആത്മഹത്യ ചെയ്‌തതാണെന്ന് തെളിയിക്കാൻ പറ്റിയ ചില സാങ്കേതിക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അടങ്ങിയ റിപ്പോർട്ട് അന്വേഷണ സംഘം തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു. എന്നാൽ ശ്രീജീവിനെ കസ്‌റ്റഡിയിലെടുത്ത പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ശ്രീജീവിനെ കസ്‌റ്റഡിയിലെടുക്കുമ്പോൾ ദേഹപരിശോധന നടത്തിയില്ലെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

2014 മെയ് 19 നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽപുത്തൻവീട്ടിൽ ശ്രീജീവെന്ന 25 കാരനെ മോഷണ കുറ്റം ചുമത്തി പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ലോക്കപ്പിൽ വിഷം കഴിച്ചെന്ന പേരിൽ ഇയാളെ ആശുപത്രിയിലെത്തിച്ചു. ശ്രീജീവ് മരിച്ചെന്ന വിവരമാണ് ശ്രീജിത്ത് അടക്കമുള്ള ബന്ധുക്കളെ പിറ്റേന്ന് പൊലീസ് അറിയിച്ചത്. പൊലീസുകാരായ പ്രതികൾക്കെതിരെ കേസുമായിപോകാൻ പേടിച്ച കുടുംബം പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ പരാതി നൽകി.ശ്രീജീവ് ലോക്കപ്പിൽ വിഷം കഴിച്ചതാണെന്ന പൊലീസുകാരുടെ കഥ അന്നത്തെ കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ തള്ളി.പാറശാല എസ് .ഐ ആയിരുന്ന ഗോപകുമാർ,എ.എസ്.ഐ ഫിലിപ്പോസ്, രണ്ടുപൊലീസുകാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി.ശ്രീജീവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാനും പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും വിധിയുണ്ടായി .പക്ഷേ പൊലീസുകാർക്കെതിരെയുള്ള നടപടികളിലേക്ക് സർക്കാർ കടന്നില്ല.

തുടർന്ന് സഹോദരൻ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരം സോഷ്യൽ മീഡിയയിൽ വൈറലാവുകയും വിഷയത്തിൽ സർക്കാർ ഇടപെട്ട് കേസ് സി.ബി.ഐക്ക് കൈമാറാൻ തീരുമാനിക്കുകയും ചെയ്‌തു. എന്നാൽ കേസന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഇപ്പോഴും ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്. അതേസമയം, സി.ബി.ഐയുടെ കണ്ടെത്തലുകൾ തെറ്റാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പ്രതികരിച്ചു. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം തന്റെ പക്കൽ ഉണ്ടായിരുന്ന ശാസ്ത്രീയ തെളിവുകളൊന്നും തന്നെ സ്വീകരിക്കാൻ തയ്യാറായില്ല. ഇതിനെതിരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.