crime

ചേർത്തല: ആശ പ്രവർത്തകയെ മയക്കുമരുന്നു മണപ്പിച്ച് ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ആളില്ലാത്ത വീട്ടിൽ ഉപേക്ഷിച്ചെന്നും പരാതി. വയലാർ ഗ്രാമപഞ്ചായത്ത് 13ാം വാർഡ് മാന്തറ പ്രകാശന്റെ ഭാര്യ വൽസമ്മയാണ് (54) മോഷണത്തിന് ഇരയായത്. എട്ട് മണിക്കൂറിന് ശേഷമാണ് വത്സമ്മയ്ക്ക് ബോധം വന്നത്. സംഭവത്തെ തുടർന്ന് ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വത്സമ്മയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തിങ്കളാഴ്ച വൈകീട്ട് പൊലീസിന് പരാതി നൽകിയിരുന്നു.

സംഭവത്തിൽ വത്സമ്മ പറയുന്നത് ഇങ്ങനെ, ആശ വർക്കിന് വേണ്ടി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. വർക്കിനിടെ ശാസ്താങ്കലിന് സമീപം വച്ച് ആരോക്കെയോ പിന്നിൽ നിന്ന് വായും മൂക്കും പൊത്തിപ്പിടിച്ചു. പിന്നെ ഒന്നും ഓർമ്മയില്ല. രാത്രി എട്ടരയോടെ ബോധം വന്നപ്പോൾ ആളൊഴിഞ്ഞ വീട്ടിൽ കിടക്കുകയായിരുന്നു. തന്റെ താലിമാല, വള, മോതിരം എന്നിവ ഉൾപ്പടെ ആറേ കാൽപവന്റെ സ്വർണമാണ് നഷ്ടപ്പെട്ടത്.

ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഓണാക്കി വീട്ടുകാരെ വിളിച്ചുവരുത്തി. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ എത്ര പേരുണ്ടെന്ന് അറിയില്ല. വാഹനങ്ങളുടെ ശബ്ദവും കേട്ടില്ല. ഒരാൾ വെള്ള വസ്ത്രം ധരിച്ചിരുന്നതായി ചെറിയ ഓർമയുണ്ടെന്ന് വത്സല പൊലീസിനോട് പറഞ്ഞു.