marriage

തിരൂർ: ഏറ്റവും പവിത്രമായി നടത്തേണ്ട ചടങ്ങാണ് വിവാഹം. വിവാഹ ആഘോഷങ്ങളിൽ അത്യാവശ്യം കുസൃതിയൊക്ക ആവാം. എന്നാൽ എല്ലാറ്റിനും ഒരു പരിധിയുണ്ട്. കൂട്ടുകാർ കാണിക്കുന്ന അതിരുവിട്ട ആഘോഷങ്ങൾ മിക്കപ്പോഴും ആളുകൾക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അതിരുവിട്ട ആഘോഷങ്ങൾ പതിവായതോടെ തിരൂരിലെ ഓഡിറ്റോറിയത്തിന്റെ പരിസരങ്ങളിൽ പടക്കം നിരോധിച്ചുകൊണ്ടുള്ള കർശന നിയന്ത്രണം ഏ‍ർപ്പെടുത്തിയിരിക്കുകയാണ്.

പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾ മൂലം കൂട്ടത്തല്ല് വരെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം തിരൂരിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കളായ ചില യുവാക്കൾ പടക്കം പൊട്ടിച്ചതും വെള്ള സ്‌പ്രേ അടിച്ചതും കൂട്ടത്തല്ലിന് കാരണമായിരുന്നു. ഒടുവിൽ വധുവിന്റെ വീട്ടുകാർ യുവാക്കളെ പുറത്താക്കുകയും ചെയ്തു.

തിരൂരിലെയും താനൂരിലെയും ഓഡിറ്റോറിയത്തിനകത്ത് പടക്കം പൊട്ടിച്ചതും അടിപിടിക്ക് കാരണമായിരുന്നു. കൂടാതെ ചമ്രവട്ടത്ത് വിവാഹപ്പാർട്ടി പോകുന്നതിനിടെ വാഹനം കുറുകെയിട്ട് പടക്കം പൊട്ടിച്ചത് വാക്കേറ്റത്തിന് കാരണമായി.