pala-by-election

തിരുവനന്തപുരം: പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് പാർട്ടി ചിഹ്നമായ രണ്ടില അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് തീർത്തുപറഞ്ഞ് പി.ജെ.ജോസഫ്. അനുനയന നീക്കവുമായി ചെന്ന യു.ഡി.എഫ് നേതാക്കൾ വഴിയാണ് പി.ജെ.ജോസഫ് ജോസ്.കെ.മാണിയെ ഈ വിവരം അറിയിച്ചത്. ചിഹ്നത്തിൽ വിട്ടുവീഴ്ചയില്ല എന്നാണ് ജോസഫ് പറയുന്നത്. അതേസമയം, രണ്ടില ചിഹ്നം അനുവദിക്കാത്തത് വേദനാജനകമാണെന്ന് ജോസ്.കെ.മാണി പ്രതികരിച്ചു. പി.ജെ.ജോസഫിന്റെ നിലപാട് പാലായിലെ ജനങ്ങൾക്ക് വേദനയുണ്ടാക്കി. രണ്ടില നൽകിയാൽ സ്വീകരിക്കും. ഇല്ലെങ്കിൽ നിയമവഴി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനോടൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പി.ജെ.ജോസഫ് പ്രചാരണത്തിനിറങ്ങുമെന്ന് ജോസഫിനോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ജോസ്.കെ.മാണി വിഭാഗമാണ് കാര്യങ്ങൾ വഷളാക്കിയെന്നാണ് ജോസഫ് അനുകൂലികൾ ആരോപിക്കുന്നത്. ജോസ്.കെ.മാണിയും നിഷയും ഒഴികെ ആരും സ്ഥാനാർത്ഥിയായിക്കോട്ടെ എന്നായിരുന്നു പി.ജെ.ജോസഫിന്റെ നിലപാട്. മാണിയുടെ സീറ്രായതിനാൽ പാലാ അവർ തന്നെ എടുത്തോട്ടെ എന്നായിരുന്നു ജോസഫ് പറഞ്ഞിരുന്നത്. സ്ഥാനാർത്ഥി മാണി ഗ്രൂപ്പ് നിറുത്തുംചിഹ്നം തങ്ങൾ നൽകും എന്നതായിരുന്നു നിലപാട്. എന്നാൽ മാണിവിഭാഗത്തിന്റെ സ്ഥാനാർത്ഥിയായ ജോസ് ടോം തന്നെയാണ് ചിഹ്നം വേണ്ടെന്ന് പറഞ്ഞത്. അതോടെ ഇനി ചിഹ്നംകൊടക്കുന്ന പ്രശ്‌നമില്ലെന്നും ജോസഫ് വിഭാഗം നിലപാടെടുത്തു.

ജോസഫ് ജോസ് കെ.മാണി വിഭാഗങ്ങൾ തമ്മിലുള്ള വടംവലി മുന്നണിയുടെ വിജയസാദ്ധ്യതയെ ബാധിക്കരുതെന്ന് യു.ഡി.എഫ് നേതാക്കൾക്ക് നിർബന്ധമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 5000ൽ താഴെ വോട്ടിനാണ് മാണി വിജയിച്ചത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷം ലഭിച്ചത് ആശ്വാസവും പകരുന്നുണ്ട്. പാലായിൽ തോറ്രാൽ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഉണ്ടായ അനുകൂല അന്തരീക്ഷം നഷ്ടപ്പെടുമോ എന്ന സംശയവും യു.ഡി.എഫ് നേതൃത്വത്തെ അലട്ടുന്നുണ്ട്. അതിനാലാണ് മുന്നണിയിലെ പ്രമുഖരായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല ,പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ അനുനയന നീക്കം തുടങ്ങിയത്.