തിരുവനന്തപുരം: കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ അദ്ധ്യാപികയെ സ്‌കൂൾ പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് അദ്ധ്യാപികയുടെ മൊഴിയെടുത്തു. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശാനുസരണം സ്റ്റേഷൻ ഹൗസ് ഓഫീസർ അദ്ധ്യാപികയുടെ വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. 85 മിനിറ്റ് സമയം നീണ്ട മൊഴിയെടുപ്പിൽ തനിക്ക് നേരിട്ട മാനസിക പീഡനവും അതേ തുടർന്ന് അസുഖ ബാധിതയായ വിവരവും സംബന്ധിച്ച് അദ്ധ്യാപിക വിശദീകരിച്ചിട്ടുണ്ട്. അതേസമയം,​ പ്രിൻസപ്പലിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് മൊഴി രേഖപ്പെടുത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന. മെഡിക്കൽ ലീവിൽ പ്രവേശിച്ച വേളയിൽ സ്‌കൂൾ പ്രിൻസിപ്പൽ അദ്ധ്യാപികയ്ക്ക് മെമ്മോ നൽകിയത് വിവാദമാവുകയും വനിതാ കമ്മിഷൻ സംഭവത്തെക്കുറിച്ച് പ്രിൻസിപ്പലിൽ നിന്ന് നേരിട്ട് വിശദീകരണം തേടുകയും ചെയ്‌തിരുന്നു. ക്ളാസിൽ ഇരിക്കാൻ അനുവദിക്കുന്നില്ലെന്നതുൾപ്പെടെ അദ്ധ്യാപികമാർ നൽകിയ പരാതിയെക്കുറിച്ച് സ്‌കൂൾ സന്ദർശിച്ച് അന്വേഷണം നടത്തുമെന്ന് വനിതാകമ്മിഷൻ അംഗം ഇ.എം. രാധ പ്രതികരിച്ചിരുന്നു. ആഗസ്റ്റ് 29ന് തിരുവനന്തപുരത്ത് നടന്ന വനിതാകമ്മിഷന്റെ അദാലത്തിലാണ് പ്രിൻസിപ്പലിനെ വിളിച്ചുവരുത്തിയത്. സ്‌കൂൾ പ്രിൻസിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഡനത്തെയും അവഹേളനത്തെയും കുറിച്ച് സ്‌കൂളിലെ ചെയർമാനോടും സെക്രട്ടറിയോടും പലവട്ടം പരാതിപ്പെട്ടിട്ടും അവർ അന്വേഷിക്കാൻ പോലും തയ്യാറായില്ലെന്ന് മൊഴിയിൽ പറയുന്നുണ്ട്. അദ്ധ്യാപികമാർ പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസി ടിവിയിലും മൊബൈലിലും പകർത്തുകയും ' ബോഡി ലാംഗ്വേജ് ' ശരിയല്ലെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുക, കുട്ടികളെ നിർബന്ധിച്ച് അദ്ധ്യാപികമാർക്കെതിരെ പരാതി എഴുതി വാങ്ങുക, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുക, വസ്ത്രധാരണത്തെക്കുറിച്ച് കമന്റടിക്കുക തുടങ്ങി പ്രിൻസിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഡനങ്ങൾ മൊഴിയിൽ അക്കമിട്ട് നിരത്തുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ ഡോക്ടറിൽ നിന്ന് ചികിത്സ തേടിയതിന്റെ മെഡിക്കൽ രേഖകളും പൊലീസിന് നൽകിയിട്ടുണ്ട്.