dk-sivakumar

ബംഗളൂരു: ഹവാല പണമിടപാട് കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് കർണാടകയിൽ വ്യാപക അക്രമം. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ പകപോക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പലയിടത്തും വ്യാപക അക്രമം അഴിച്ചുവിട്ടു. കർണാടക സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. മൈസൂരു ബംഗളൂരു പാതയിൽ ഗതാഗതം തടസപ്പെട്ടു. ബംഗളൂരുവിൽ നിന്ന് മൈസൂരു വഴി കേരളത്തിലേക്ക് വരേണ്ട ബസുകൾ താത്കാലികമായി സർവീസ് നിറുത്തിവച്ചു.ബംഗളുരുവിലെ ബി.ജെ.പി ആസ്ഥാനത്തും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി ഓഫീസുകൾക്കും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വസതിക്ക് സമീപവും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്‌.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ശിവകുമാർ പുറത്തിറങ്ങാനായി താൻ പ്രാർത്ഥിക്കുമെന്നും ചൂണ്ടിക്കാട്ടി. ശിവകുമാർ പുറത്തിറങ്ങിയാൽ മറ്റാരേക്കാളും താൻ സന്തോഷവാനായിരിക്കും. അദ്ദേഹം എല്ലാത്തിൽ നിന്നും പുറത്തുകടക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും. ആരോടും താൻ വിദ്വേഷം വച്ച് പുലർത്തിയിട്ടില്ല. ആർക്കും ദോഷം വരരുതെന്ന് ആഗ്രഹിച്ചിട്ടുമില്ല. എന്നാൽ നിയമത്തിന് അതിന്റേതായ ചില കീഴ്‌വഴക്കങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിലെ ഇ.ഡി ഒാഫീസിൽ വെള്ളിയാഴ്‌ച മുതൽ ചോദ്യം ചെയ്യലിനു വിധേയനാകുന്ന ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസം ഇ.ഡി അറസ്‌റ്റ് രേഖപ്പെടുത്തിയത്. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഡൽഹിയിൽ അറസ്‌റ്റിലാകുന്ന രണ്ടാമത്തെ കോൺഗ്രസ് നേതാവാണ് ശിവകുമാർ. സി.ബി.ഐ അറസ്‌റ്റു ചെയ്‌ത മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം റിമാൻഡിലാണ്. അതേസമയം, ആരോഗ്യനില തൃപ്‌തികരമെന്ന് കണ്ടതിനെ തുടർന്ന് ഉടൻ തന്നെ ശിവകുമാറിനെ കോടതിയിൽ ഹാജരാക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി ശിവകുമാറിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെടുമെന്നും ഇ.ഡി വ്യക്തമാക്കി.

2017ൽ ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി ചാക്കിട്ടു പിടിക്കുമെന്ന ആശങ്കയിൽ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള കർണാടകയിലെ റിസോർട്ടിലാണ് പാർപ്പിച്ചിച്ചത്. ആദായ നികുതി വകുപ്പും ഇ.ഡിയും അന്നു മുതലാണ് ശിവകുമാറിനെ കുടുക്കാൻ നീക്കം തുടങ്ങിയതും. കർണാടക കോൺഗ്രസിനെ നിർണായക സാഹചര്യങ്ങളിൽ സഹായിക്കുന്നത് വ്യവസായിയായ ശിവകുമാറാണ്. ആദായ നികുതി, ഇ.ഡി വകുപ്പുകളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ രാഷ്‌ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കോൺഗ്രസും ജെ.ഡി.എസും ആരോപിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറയ്‌ക്കാനാണ് കോൺഗ്രസ് നേതാക്കളെ കേന്ദ്രസർക്കാർ അറസ്‌റ്റ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു.