muthoor-strike

കൊച്ചി:കേരളത്തിലെ തങ്ങളുടെ ശാഖകളിൽ പകുതിയിലധികവും പൂട്ടാനൊരുങ്ങുന്നുവെന്ന പ്രഖ്യാപനവുമായി മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്. സി.ഐ.ടി.യു സമരത്തെ തുടർന്ന് പ്രവർത്തനം തടസപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിലേക്ക് എത്തുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ഇങ്ങനെ കൊണ്ടുപോകാൻ ഞങ്ങൾക്കും പ്രയാസമാണ്. 42 വർഷമായി വളർത്തികൊണ്ടുവന്ന കമ്പനി കേരളത്തിൽ നിന്ന് പോകേണ്ടി വരുന്നത് വലിയ സങ്കടമാണ്. കേരളത്തിലെ 600 ബ്രാഞ്ചിലെയും കൂടി ബിസിനസ് നാല് ശതമാനമേയുള്ളൂ. കമ്പനിയുടെ ഒരുവർഷത്തെ വളർച്ച തന്നെ 15 ശതമാനമാണ്. 5000 കോടി ഒരു വർഷം ഗ്രോ ചെയ്യുന്നുണ്ട്. ഇവിടുത്തെ 160 കോടി എന്നാൽ ആ വളർച്ച 15ൽ നിന്ന് 11 ആയി എന്നു വിചാരിച്ചോളാം. എന്നാലും തലവേദനയില്ലല്ലോ? എം.ഡി വന്ന് റോഡിൽ കിടക്കണ്ടല്ലോ? അത് വളരെ വേദനയുണ്ടാക്കുന്ന സംഗതിയാണ്'-അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു .

സമരം നടത്തുന്നവരിൽ പലരും മുത്തൂറ്റിന്റെ ജീവനക്കാരല്ല. ബ്രാഞ്ച് തുറക്കാൻ എത്തുന്നവരെ ഭീഷണിയിലൂടെയും ബലംപ്രയോഗിച്ചു വിരട്ടി ഓടിക്കുകയാണെന്ന് മുത്തൂറ്റ് ഫിനാൻസ് അധികൃതർ പറയുന്നു. 350 തൊഴിലാളികൾ ജോലി ചെയ്യുന്ന ഹെഡ് ഓഫിസിൽ ഒരു തൊഴിലാളി പോലും സമരം നടത്തുന്ന സംഘടനയിൽ അംഗമാവുകയോ സമരവുമായി സഹകരിക്കുകയോ ചെയ്യുന്നില്ല. മാസാവസാനം എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും ശമ്പളവും ബോണസും കൃത്യമായി നൽകുന്ന കമ്പനിയാണിത്.എന്നാൽ, കുറച്ച് സ്റ്റാഫ് അംഗങ്ങളും സി.ഐ.ടി.യു തൊഴിലാളികളും ചേർന്ന് നിർബന്ധിതമായി ശാഖ അടപ്പിക്കുന്ന സാഹചര്യമാണെന്നാണ് മുത്തൂറ്റ് അധികൃതരുടെ വാദം.

അതേസമയം, കൃത്യമായ ഒരു ശമ്പള ഘടനയില്ലാതെയാണ് ഇത്രയും നാളും ജീവനക്കാർ ജോലി ചെയ്‌തതെന്നാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സമരം നടത്തുന്ന ഒരുവിഭാഗം ജീവനക്കാർ പറയുന്നത്. 2016ൽ മൂത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നോൺ ബാങ്കിംഗ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ എന്ന പേരിൽ യൂണിയൻ ആരംഭിച്ചതോടെയാണ് ജീവനക്കാരോടുള്ള ക്രൂരത മാനേജ്‌മെന്റിന് കൂടിയതെന്നാണ് സമരക്കാരുടെ പരാതി. തൊഴിലാളി വിരുദ്ധത ഏറി വന്നതോടെയായിരുന്നു ജീവനക്കാർ യൂണിയൻ രൂപീകരിച്ചത്. അതോടുകൂടി യൂണിയനിൽ അംഗങ്ങളായവർക്കെതിരേ മാനേജ്‌മെന്റ് പലതരത്തിൽ പ്രതികാര നടപടികൾ സ്വീകരിക്കാൻ തുടങ്ങി. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ കേരളത്തിന് അകത്തും പുറത്തുമായി സ്ഥലം മാറ്റി. ഇതിനെതിരേ 17 ദിവസത്തോളം സമരം നടത്തി. അതിനുശേഷവും മാനേജ്‌മെന്റ് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയത്. ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുക, ഇൻക്രിമെന്റും ഇൻസെന്റീവും വെട്ടിക്കുറയ്ക്കുക തുടങ്ങിയ തൊഴിലാളി ദ്രോഹ നിലപാടുകളായിരുന്നു മാനേജ്‌മെന്റിന്റേത്. സജീവ യൂണിയൻ പ്രവർത്തകരെ പലയിടങ്ങളിലേക്കായി സ്ഥലം മാറ്റിയും അവകാശങ്ങൾ അടിച്ചമർത്താനായിരുന്നു ശ്രമം. മാനേജ്‌മെന്റിനൊപ്പം നിൽക്കുന്ന ജീവനക്കാരെ തലോടിയും അല്ലാത്തവരെ തല്ലിയും മുന്നോട്ടുപോകാൻ ശ്രമിച്ച സ്ഥാപനത്തിനെതിരേ യൂണിയന്റെ നേതൃത്വത്തിൽ വീണ്ടും പ്രതിഷേധങ്ങൾ ശക്തമാക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.