ശബരിമല യുവതീ പ്രവേശനം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റിയെന്നും വിശ്വാസികൾ പാർട്ടിയിൽ നിന്ന് അകന്നു എന്നുമുള്ള സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തലിൽ അത്ഭുതം തോന്നേണ്ടതില്ല. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ഞങ്ങൾക്ക് തെറ്റുപറ്റിയേ എന്ന് സമ്മതിക്കുകയാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ സംസ്ഥാന നേതൃത്വം. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും രണ്ട് വഴിക്കാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ നിലപാടുകളിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ കാപട്യവും ആശയപരമായ പാപ്പരത്തവും മറനീക്കി പുറത്തു വരുന്നതു കാണാം.
കേരളത്തിലെ സി.പി.എം മുമ്പെങ്ങുമില്ലാത്തവണ്ണം ചെന്നുപെട്ടിരിക്കുന്ന വലിയ പ്രതിസന്ധിയുടെ നേർചിത്രമാണ് മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും വാക്കുകളിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വാരിക്കൂട്ടി നിലത്തടിച്ചപ്പോഴാണ് സംസ്ഥാനനേതൃത്വത്തിന്റെ തല നേരെയായത്. വിശ്വാസികളുടെ മുമ്പിൽ മുഖം രക്ഷിച്ചില്ലങ്കിൽ അപകടമാണെന്ന് മനസിലാക്കിയ നേതൃത്വം തെറ്റുപറ്റിയെന്ന് നിലവിളിക്കാൻ തുടങ്ങി. മുഖ്യമന്ത്രിക്കാകട്ടെ ചുമ്മാകിട്ടിയ നവോത്ഥാന നായക പട്ടം ഉപേക്ഷിക്കാനും വയ്യ. ചുരുക്കത്തിൽ വിശ്വാസികളുടെ മുമ്പിൽ പിടിച്ചു നിൽക്കാനും അതേസമയം മുഖ്യമന്ത്രിയുടെ നവോത്ഥാന നായക ഇമേജ് നിലനിറുത്താനും ഉള്ള കപടനാടകമാണ് തെറ്റുപറ്റിപ്പോയി എന്ന വിലയിരുത്തൽ.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവണ്ണം മത-ജാതി ധ്രുവീകരണത്തിന് കളമൊരുക്കാനാണ് ശബരിമല യുവതീപ്രവേശന വിഷയത്തിലൂടെ സി.പി.എം ശ്രമിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. അതിനെതിരെ ചരിത്രത്തിലെ ഏറ്റവും മികച്ച മറുപടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അവർക്ക് നൽകിയത്. ജനങ്ങളെ കബളിപ്പിക്കാനോ, അവരുടെ കണ്ണടച്ചുകെട്ടാനോ കഴിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ സി.പി.എം ഇനിയും ശ്രമിക്കുന്നില്ല.
യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങൾ സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നും സി.പിഎമ്മിന് അതിൽ കാര്യമില്ലെന്നുമുള്ള മുടന്തൻ ന്യായവാദമാണ് തെറ്റുപറ്റിയെന്ന പ്രസ്താവനയിൽ അന്തർലീനമായിരിക്കുന്നത്. ഈ വിഷയത്തിൽ കേരളത്തിലെ ജനങ്ങളെ വർഗീയമായി വിഭജിക്കാൻ സി.പി.എമ്മും സർക്കാരും ഒരേ മനസോടെയാണ് ശ്രമിച്ചത്. ബി.ജെ.പിയെ കേരളത്തിൽ എങ്ങനെയെങ്കിലും പച്ചപിടിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ ഇതിന് പിന്നിലുണ്ടായിരുന്നുള്ളു. ആ നീക്കം അമ്പേ പാളുകയും സി.പി. എമ്മിനെയും ബി.ജെ.പിയെയും ജനങ്ങൾ കൈയൊഴികയുകയും ചെയ്തപ്പോൾ പിടിച്ചു നിൽക്കാൻ വേണ്ടി ഏറ്റുപറച്ചിലുമായി രംഗത്തു വന്നിരിക്കുകയാണ് സി.പി.എം.
വർഗീയ ധ്രൂവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് എന്ന സ്ഥിരം തന്ത്രത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചറിഞ്ഞു. അതിന്റെ ജാള്യത മറക്കാനാണ് പുതിയ കുമ്പസാരം. മുഖ്യമന്ത്രിയാകട്ടെ നവോത്ഥാന നായക പരിവേഷം തലയ്ക്ക് പിടിച്ചതിന് ശേഷം ലക്കും ലഗാനുമില്ലാത്ത അവസ്ഥയിലാണ്. തെറ്റ് പറ്റിയത് ആർക്കാണ്? മുഖ്യമന്ത്രിക്കോ, പാർട്ടിക്കോ, അതോ രണ്ട് പേർക്കുമോ? ഈ ചോദ്യത്തിന് മുന്നിൽ തന്ത്രപൂർവം ഒളിച്ചു കളിക്കുകയാണ് സി പി എം.
തകർന്നടിഞ്ഞ
വർഗീയ ധ്രൂവീകരണം
യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ശക്തമായ മതേതര ചേരിയെ രാഷ്ട്രീയ കേരളത്തിന്റെ മൂലയ്ക്ക് തള്ളാനും ബി.ജെ.പിയുടെ ഭാഷയിൽ പറഞ്ഞാൽ നമ്മളും അവരും മാത്രമാകുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കാനുമാണ് സർക്കാരും സി.പി.എമ്മും ഉദ്ദേശിച്ചത്. പക്ഷേ കേരളത്തിലെ ജനങ്ങൾ അതിനും അപ്പുറം കാണുന്നവരായിരുന്നു. യു.ഡി.എഫിനെ തള്ളിക്കളഞ്ഞ് കേരളത്തിലെ ജനങ്ങൾ തൽസ്ഥാനത്ത് ബി.ജെ.പിയെ കുടിയിരുത്തുമെന്ന തലതിരിഞ്ഞ രാഷ്ട്രീയ ചിന്തയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ വെട്ടിലാക്കിയത്. കേരളത്തിലെ ജനങ്ങളെ മനസിലാക്കാൻ കഴിയാതെ പോയതാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. തെറ്റുപറ്റിയെന്ന് പാർട്ടിയും ഇല്ലെന്ന് മുഖ്യമന്ത്രിയും പറയുന്നതു തന്നെ വലിയൊരു കബളിപ്പിലാണെന്ന് ജനങ്ങൾക്കറിയാം. തങ്ങൾ പറഞ്ഞത് കള്ളമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടും അതിനെ സത്യമാക്കി മാറ്റാനുള്ള രാസവിദ്യ തിരയുകയാണ് മുഖ്യമന്ത്രിയടക്കമുളള സി.പി.എം നേതൃത്വം.
ശബരിമല
രാഷ്ട്രീയ വിഷയമല്ല
സി.പി.എമ്മിനും ബി.ജെ.പിക്കും ശബരിമല യുവതീപ്രവേശന വിധി വർഗീയ രാഷ്ട്രീയ മുതലെടുപ്പിനുള്ള സുവർണാവസരമായിരുന്നെങ്കിൽ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇതുമായി ബന്ധപ്പെട്ട വിശ്വാസികളുടെ ആശങ്കകൾ പരിഹരിക്കുക എന്ന ഏക അജണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുപ്രീംകോടതി വിധിയിന്മേലുള്ള ഏതുതരം വർഗീയ രാഷ്ട്രീയ മുതലെടുപ്പിനും യു.ഡി.എഫ് ആദ്യം മുതലേ എതിരായിരുന്നു. വിശ്വാസികൾക്കൊപ്പം നിൽക്കുക എന്നാൽ വർഗീയതയ്ക്കൊപ്പം നിൽക്കുക എന്നല്ല മറിച്ച് മതേതരത്വത്തിനൊപ്പം നിൽക്കുക എന്നതാണ്. ശബരിമലയെ തിരഞ്ഞെടുപ്പ് വിഷയമാക്കാൻ യു.ഡി.എഫ് ഒരിക്കലും ശ്രമിച്ചിട്ടില്ല. സി.പി.എമ്മും ബി.ജെ.പിയും ആസൂത്രണം ചെയ്ത ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുക എന്ന അജണ്ടയെ പൊതുജന മദ്ധ്യത്തിൽ തൊലിയുരിച്ച് കാണിക്കാനും, ആ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനും യു.ഡി.എഫിന് കഴിയുകയും ചെയ്തു.
ബി.ജെ.പിയെ വളർത്താൻ
ശ്രമിക്കരുത്
ബി.ജെ.പി ആകാശംമുട്ടെ വളരുമെന്നും അതോടെ യു.ഡി.എഫ് അപ്രസക്തമാകുമെന്നും കരുതി മനപ്പായസമുണ്ണുന്ന സി.പി.എം നേതൃത്വം ഇനിയെങ്കിലും ഒന്ന് മനസിലാക്കണം. കോൺഗ്രസ് മാത്രമാണ് സമ്പൂർണ ആർ.എസ്.എസ് വിരുദ്ധരായി എന്നും നിലകൊണ്ടിട്ടുള്ളത്. 1925 ൽ ആർ.എസ്.എസിന്റെ ആരംഭകാലം മുതൽ ഇന്നുവരെ ആ സംഘടന അവരുടെ പ്രതിയോഗിയായി കണ്ട ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. അതുകൊണ്ട് കോൺഗ്രസിനെയും അത് നേതൃത്വം നൽകുന്ന രാഷ്ട്രീയ മുന്നണിയായ യു.ഡി.എഫിനെയും സംഘപരിവാറിനെ ഉപയോഗിച്ച് ദുർബലപ്പെടുത്താൻ സി.പി.എം ശ്രമിക്കുമ്പോൾ അവർ സ്വന്തം ശവക്കുഴി തോണ്ടുകയാണ് ചെയ്യുന്നത്. ശബരിമല മാത്രമല്ല വിശ്വാസികളുമായി ബന്ധപ്പെട്ട ഒരു വിഷയവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതല്ല. ജനങ്ങളെ ഭിന്നിപ്പിക്കാനും വേണ്ടിയുള്ളതല്ല. എല്ലാ മതവിശ്വാസി സമൂഹങ്ങളും, അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ഒരു ജനാധിപത്യ വ്യവസ്ഥയിൽ ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം. അങ്ങിനെ സംഭവിക്കുമ്പോഴേ വർഗീയതയ്ക്ക് സൂചി കുത്താൻ പോലും ഇടം ലഭിക്കാതിരിക്കുകയുള്ളൂ. കേരളത്തിലെ സി.പി.എം ഇനിയെങ്കിലും ഇത് തിരിച്ചറിയണം.